25 April Thursday

ബാറുടമകളില്‍നിന്ന് ‘പൊളിറ്റിക്കൽ ഫണ്ട്‌ ’പിരിച്ചു ; ബാറുടമകളുടെ മൊഴിപുറത്ത്

റഷീദ‌് ആനപ്പുറംUpdated: Thursday Nov 26, 2020


തിരുവനന്തപുരം
പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള  കോൺഗ്രസ്‌ നേതാക്കൾക്ക് കോഴകൊടുക്കാൻ പണം നൽകിയെന്ന ബാറുടമകളുടെ മൊഴിപുറത്ത്. പൊളിറ്റിക്കൽ ഫണ്ടായി ഒരു ലക്ഷം രൂപ വീതവും ലീഗൽ ഫണ്ടായി അരലക്ഷം രൂപ വീതവും നൽകിയെന്നാണ്‌ പന്ത്രണ്ട്‌ ബാറുടമകൾ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലൻസിന്‌ നൽകിയ മൊഴിയിലുള്ളത്‌. എന്നാൽ, മൊഴി രേഖപ്പെടുത്തിയ വിജിലൻസ്‌ നടപടിയെടുത്തില്ല.


 

ബാർ ലൈസൻസിന്റെ മറവിൽ വൻ കോഴ ഇടപാട്‌ നടത്തിയെന്ന വെളിപ്പെടുത്തല്‍ ശരിവയ്‌ക്കുന്നതാണ്‌ മൊഴി. എറണാകുളത്തെ കേരള ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി  ഓഫീസിൽ 2013 മാർച്ച്‌ മൂന്നിന്‌ ചേർന്ന അടിയന്തര യോഗത്തിലാണ്‌ കോഴ കൊടുക്കാൻ തീരുമാനിച്ചത്‌. പൊളിറ്റിക്കൽ, ലീഗൽ ഫണ്ടായി തിരുവനന്തപുരത്തു‌നിന്നു‌മാത്രം 80 ലക്ഷം രൂപ പിരിച്ചു.

അക്കാലത്ത് മന്ത്രിയായിരുന്ന കെ ബാബുവിനും അദ്ദേഹം പറഞ്ഞവർക്കും പത്ത്‌ കോടിരൂപ നൽകിയെന്ന്‌ ബാറുടമകളുടെ സംഘടന നേതാവായിരുന്ന ബിജു രമേശ്‌ കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിയും കെ ബാബുവിന്‌ 50 ലക്ഷവും, വി എസ്‌ ശിവകുമാറിന്‌‌ 25 ലക്ഷവും നൽകിയെന്ന്‌ അടുത്തിടെ ബിജു രമേശ്‌  വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്താന്‍‌ സർക്കാർ ഗവർണറുടെയും സ്‌പീക്കറുടെയും അനുമതി തേടി‌യിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top