29 March Friday

ലോകകപ്പ്‌ ലഹരിയിലും അനസിന്റെ നോട്ടം കറൻസിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

കൊച്ചി> ഖത്തറിൽ ആര്‌ കപ്പടിച്ചാലും വേണ്ടില്ല, കറൻസിയിലാണ്‌ മുഹമ്മദ്‌ അനസിന്റെ നോട്ടം. ഫുട്‌ബോൾ ലോകകപ്പ്‌ പൊലിപ്പിക്കാൻ 22 റിയാൽ വിലയിട്ട്‌ ഖത്തർ സെൻട്രൽ ബാങ്ക്‌ അടിച്ച ലിമിറ്റഡ്‌ എഡിഷൻ പോളിമർ ബാങ്ക്‌ നോട്ടിലായിരുന്നു അവന്റെ നോട്ടം മുഴുവൻ. ഒടുവിൽ, ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ കൈയൊപ്പിട്ട കറൻസി 75 റിയാൽ നൽകി അനസ്‌ സ്വന്തമാക്കി. ഫുട്‌ബോൾ ലഹരിപോലെ ഈ കറൻസിയുടെ വിലയും നാളെ കുതിച്ചേക്കാം. പക്ഷേ, അനസിന്‌ കമ്പം വിൽപ്പനയിലല്ല, കറൻസി ശേഖരിക്കുന്നതിലാണ്‌.

കായികമേഖലയുമായി ബന്ധപ്പെടുത്തി ലോകരാജ്യങ്ങൾ ഇതുവരെ പുറത്തിറക്കിയ 22 കറൻസികൾ കടവന്ത്രക്കാരൻ അനസിന്റെ തായ്‌വാനീസ്‌ ആൽബത്തിൽ ക്രമത്തിൽ അടുക്കിയിട്ടുണ്ട്‌. ലോകകപ്പിനുമുന്നോടിയായി 2017ൽ ഖത്തർ പുറത്തിറക്കിയ മറ്റൊരു കറൻസിയും അതിലുൾപ്പെടും. ഐറിഷ്‌ ഫുട്‌ബോൾ ലജൻഡ്‌ ജോർജ്‌ ബെസ്‌റ്റിന്റെ ചിത്രം പതിച്ച കറൻസി, ക്യാനഡയുടെ ഐസ്‌ ഹോക്കി, സുറിനാമിന്റെ നീന്തൽ, ഫിജിയുടെ റഗ്‌ബി, ടോംഗയുടെയും സമോവയുടെയും കെനിയയുടെയും അത്‌ലറ്റിക്‌സ്‌ എന്നിവയുടെയും മാലി, സിംഗപ്പൂർ, സ്‌കോട്ട്‌ലൻഡ്‌ എന്നീ രാജ്യങ്ങളുടെ സ്‌പോർട്‌സ്‌ കറൻസികളും ശേഖരത്തിൽ ഭദ്രം. 2018ലെ റഷ്യൻ ലോകകപ്പ്‌ ഫുട്‌ബോൾ, 2017ലെ കൊറിയൻ വിൻഡർ ഒളിമ്പിക്‌സ്‌ എന്നിവയുടെ കറൻസിയുമുണ്ട്.

വിലപിടിപ്പുള്ള പെറ്റുകളുടെ കച്ചവടക്കാരനായ അനസിന്റെ കറൻസി ശേഖരത്തിൽ കൂടുതലും പക്ഷി, മൃഗാദികളുടെ ചിത്രങ്ങളുള്ളവയാണ്‌. അത്തരമൊന്ന്‌ ലോകത്തെവിടെ ഇറങ്ങിയാലും വാങ്ങും. അങ്ങനെ സ്വന്തമാക്കിയത്‌ 200 രാജ്യങ്ങളിലെ കറൻസികൾ. ഏറ്റവും മൂല്യമേറിയ സിംബാബ്‌വേ ഡോളറുണ്ട്‌ കൈയിൽ. 10,000 കോടിയാണ്‌ മൂല്യം. നോട്‌ബുക്കിനോളം വലിപ്പമുള്ള 500ന്റെ റഷ്യൻ റൂബിൾ മറ്റൊന്ന്‌. 1916ൽ റഷ്യ പുറത്തിറക്കിയ സ്‌റ്റാമ്പ്‌ കറൻസിക്ക്‌ നമ്മുടെ റവന്യു സ്‌റ്റാമ്പിനോളം മാത്രമാണ്‌ വലിപ്പം. വിപ്ലവേതിഹാസം ചെ ഗുവേരയുടെ കൈയൊപ്പുള്ള ക്യൂബൻ ഡോളറിനൊപ്പം കാറൽ മാർക്‌സ്‌, എംഗൽസ്‌, ലെനിൻ, മാവോ സേ തൂങ് എന്നിവരുടെ ചിത്രമുള്ള കറൻസികളുമുണ്ട്‌.

കുട്ടിക്കാലംമുതൽ ഹോബിക്കായി ഇതുവരെ എത്ര പണം ചെലവഴിച്ചെന്ന കണക്ക്‌ സൂക്ഷിച്ചിട്ടില്ല. ശേഖരത്തിലെത്താത്ത കറൻസി കൗതുകങ്ങളെക്കുറിച്ചുമാത്രമാണ്‌ ചിന്ത. അതുകൊണ്ട്‌ അനസ്‌ ഗൂഗിളിൽ മുങ്ങിത്തപ്പുകയാണ്‌. കണ്ണിൽപ്പെടാതെപോയ കറൻസികൾ കണ്ടെത്താൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top