08 December Friday

ലോൺ ആപ്പുകളുടെ മേൽ നിയന്ത്രണം കർശനമാക്കണം: ബെഫി

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

തിരുവനന്തപുരം > ലോൺ ആപ്പുകളുടെ  ഭീഷണി മൂലം ജനങ്ങൾ ജീവനൊടുക്കുന്ന സാഹചര്യത്തിൽ ആപ്പുകളുടെ മേൽ നിയന്ത്രണം കർശനമാക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബെഫി ആവശ്യപ്പെട്ടു. ബാങ്കിംഗ് മേഖലയിൽ കേന്ദ്രസർക്കാരുകൾ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങളാണ് ഇത്തരം സ്ഥാപനങ്ങളും നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളും തഴച്ചുവളരുന്നതിന് വഴിവച്ചതെന്നും ബെഫി പറഞ്ഞു.

പല ഓൺലൈൻ ലോൺ ആപ്ലിക്കേഷനുകൾ സ്വന്തം നിലയ്ക്കും വിവിധ ബാങ്കുകളുടെയും നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെയും സേവനദാതാക്കളായും ലോണുകൾ നൽകിവരുന്നുണ്ടെന്നും പിയർ ടു പിയർ ലെൻഡിംഗ് സ്ഥാപനങ്ങൾ ആയ ഇവ ലോൺ ആപ്പുകൾ എന്നാണ് പൊതുവെ അറിയപ്പെടാറെന്നും ബെഫി പ്രസ്‌താവനയിൽ പറഞ്ഞു.

ലോൺ നൽകുന്ന സമയത്ത് തന്നെ ഇവർ ഉപഭോക്താവിൽ നിന്നും ആധാർ വിവരങ്ങളും മറ്റും ശേഖരിക്കുന്നതോടൊപ്പം അവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ മൊബൈൽ ഫോണിന്റെ കോണ്ടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗ്യാലറി തുടങ്ങി ലൊക്കേഷൻ വരെ ഉപയോഗപ്പെടുത്താനുള്ള സമ്മതം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ തന്നെ നേടിയെടുക്കുന്നു. പിന്നീട് ഇതുപയോ​ഗിച്ച് സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുമെന്നുൾപ്പെടെ ഭീഷണിപ്പെടുത്തുന്നു.

ആർബിഐ നിയന്ത്രണത്തിലുള്ള പൊതുമേഖലാ, സ്വകാര്യമേഖല ബാങ്കുകൾ, മറ്റു പണം ഇടപാട് സ്ഥാപനങ്ങൾ മുതലായവയ്ക്ക് ലോൺ റിക്കവറി നടത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ റിസർവ്വ് ബാങ്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊക്കെ മറികടന്നാണ് ലോൺ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നത്.  

ബാങ്കിംഗ് മേഖലയിൽ കേന്ദ്രസർക്കാരുകൾ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങളാണ് ഇത്തരം സ്ഥാപനങ്ങളും നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളും തഴച്ചുവളരുന്നതിന് വഴിവച്ചത്. ലയനങ്ങളെ തുടർന്ന് ബാങ്കുകൾ ഗ്രാമീണ, അർദ്ധനഗര ശാഖകൾ അടച്ചുപൂട്ടിയതും ഇത്തരം സ്ഥാപനങ്ങൾക്ക് വളരാൻ അവസരമൊരുക്കി.  

സംസ്ഥാന സർക്കാർ പൊലീസ് സംവിധാനങ്ങളുടെയും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും റിസർവ്വ് ബാങ്കിന്റെയും സഹായത്തോടുകൂടി ഇത്തരം ഓൺലൈൻ കെണികളെ നിയന്ത്രിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണമെന്നും ലോൺ ആപ്ലിക്കേഷനുകളുടെ ചതിക്കുഴികളിൽപ്പെട്ടവർക്ക് അതിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ബ്ലേഡ് മാഫിയക്കെതിരെ സഹകരണ മേഖലയിൽ നടപ്പിലാക്കിയ “മുറ്റത്തെ മുല്ല പോലുള്ള പദ്ധതികൾ കൊണ്ടുവരണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ പൊതുജനങ്ങൾ ഇത്തരം ചതിക്കുഴികളിൽ പെടാതെ നമ്മുടെ നാട്ടിലെ വ്യവസ്ഥാപിതമായ വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മാത്രം വായ്‌പകൾ എടുക്കുവാൻ ശ്രദ്ധിക്കണമെന്നും തട്ടിപ്പുകൾക്കെതിരെ വ്യാപക പ്രചരണം നൽകി ജനങ്ങളെ ജാഗരൂകരാക്കണമെന്നും ബെഫി സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഷാജു ആന്റണി, ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top