29 March Friday

വർഗീയ വാദികൾ ഇന്ത്യയെ തകർക്കുന്നു: കെ സച്ചിദാനന്ദൻ

സ്വന്തം ലേഖകൻUpdated: Wednesday Oct 5, 2022

തൃശൂർ> രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതരത്വത്തെയും ഇല്ലാതാക്കാനുള്ള വർഗീയവാദികളുടെ നീക്കം ഇന്ത്യയെ തകർക്കുക എന്നതിലേക്കാണ്‌ ലക്ഷ്യംവയ്‌ക്കുന്നതെന്ന്‌ സാഹത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ. തൃശൂർ കാൽഡിയൻ സെന്ററിൽ ചേർന്ന ബാലസംഘം ആറാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

നിരന്തരമായ സമരപ്പോരാട്ടത്തിനൊടുവിലാണ്‌ ഇന്ത്യ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിൽനിന്ന്‌ സ്വാതന്ത്ര്യം നേടിയെടുക്കാനായത്‌. സ്വതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ കാലഘട്ടത്തിൽ അതിനെ ഒറ്റിക്കൊടുത്തവരുടെ പിൻഗാമികളെന്നു പറയുന്നവരാണ്‌ ഇന്ന്‌ അധികാരകസേരയിൽ ഇരിക്കുന്നത്‌. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, ഇതുവരെ കേൾക്കാത്തവരുടെയും ശബ്ദം  കേൾക്കുന്നവരാണ്‌ യഥാർത്ഥ ഭരണാധികാരികൾ. താഴെനിന്ന്‌ മുകളിലേക്ക്‌ തീരുമാനങ്ങൾ എടുക്കുന്നതാണ്‌ റിപബ്ലിക്‌. മുകളിൽനിന്ന്‌  താഴേക്ക്‌ കൽപ്പനകൾ പുറപ്പെടുവിക്കുന്നതല്ല ജനാതിപത്യ രാജ്യം. ഇന്ത്യയെ സൃഷ്ടിച്ചത്‌ കേവലം സംസ്‌കൃതവേദങ്ങളിൽനിന്നല്ല. ആദിവാസികൾ, നാടോടികൾ, വിവിധ മതങ്ങൾ, സംസ്‌കാരങ്ങൾ, ഭാഷകൾ തുടങ്ങിയവയുടെയെല്ലാം സങ്കലനമാണ്‌  രാജ്യം.  

നാടിന്റെ ശബ്ദം ഉയർന്നുവരികയും അത്‌ അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യം അർത്ഥവത്തായി എന്ന്‌ പറയാനാകൂ. ഇന്ത്യ ഹിന്ദുരാജ്യമെന്നത്‌ ഒരു അർത്ഥത്തിലും ശരിയല്ല. വൈവിധ്യമാർന്ന സമൂഹവും സംസ്‌കാരവുമാണ്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം. എന്നാൽ, ഇന്ന്‌ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ കാഴ്‌ചപ്പാടിനെതന്നെ വെല്ലുവിളിക്കുന്ന തീരുമാനങ്ങളാണ്‌ നടപ്പാകുന്നത്‌. ഹിന്ദുരാഷ്‌ട്ര നിർമിതിക്കായി പ്രതിപക്ഷത്തെ ഇല്ലാതാക്കുന്ന തീരുമാനങ്ങളാണ്‌ ഭരണക്കാരിൽനിന്ന്‌ ഉണ്ടാകുന്നത്‌.

കാർഷിക നിയമവും, വിദ്യാഭ്യാസ പരിഷ്‌കരണവും,  പൗരത്വ അവകാശ ഭേദഗതി നിയമവും തുടങ്ങിയവ നടപ്പാക്കാനൊരുങ്ങുന്ന ഭരണകർത്താക്കൾ ലക്ഷ്യംവയ്‌ക്കുന്നത്‌. ഇതിനനുകൂലമായി പ്രവർത്തിക്കുന്ന മാധ്യമങ്ങും സജീവമായുണ്ട്‌. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്‌ ഉയർന്നുവരുന്ന തലമുറയെന്ന നിലയിൽ ബാലസംഘത്തിന്റെ കൂട്ടുകാർ കൂടുതൽ വായനയോടെ,  പഠനത്തോടെ, ശാസ്‌ത്രീയ ചിന്ത പ്രചരിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങണമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top