20 April Saturday

പുസ്‌തകങ്ങൾക്കുമുമ്പ്‌ ചുറ്റുപാടിൽനിന്നും കുട്ടികൾ പഠിക്കണം: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Friday Sep 30, 2022


തിരുവനന്തപുരം
പാഠപുസ്തകങ്ങൾക്കുമുമ്പ്‌ ചുറ്റുപാടിൽനിന്നും പ്രകൃതിയിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ കുട്ടികൾക്ക്‌ ആകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ബാലസംഘം സംഘടിപ്പിച്ച അഖിലേന്ത്യ ശിൽപ്പശാലയുടെ രണ്ടാംദിനത്തിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറ്റുള്ളവർക്കുവേണ്ടിക്കൂടി ജീവിക്കാനും അവർക്കായി കാക്കാനും നമുക്ക്‌ കഴിയണം. "ഇത്തിരിപ്പൂവേ ചുവന്നപൂവേ, ഇത്രനാളും നീയെങ്ങുപോയി, മണ്ണിനടിയിൽ ഒളിച്ചിരുന്നോ, മറ്റുള്ള പൂക്കളെ കാത്തിരുന്നോ' എന്ന കവിത ചൊല്ലിയാണ്‌ അദ്ദേഹം കുട്ടികളോട്‌ ഇക്കാര്യം സൂചിപ്പിച്ചത്‌. കുട്ടിക്കാലത്ത്‌ നാം പഠിക്കുന്ന കുഞ്ഞുകവിതകൾക്ക്‌ നമ്മുടെ ജീവിതത്തെയും രീതികളെയും രൂപീകരിക്കുന്നതിൽ വലിയ പങ്കുണ്ട്‌. അതിനാലാണ്‌ എപ്പോഴും കണ്ണുകൾ തുറന്നിരിക്കണമെന്ന്‌ പറയുന്നത്‌. സമൂഹത്തിൽ എന്ത്‌ നടക്കുന്നുവെന്ന്‌ അറിഞ്ഞുവേണം കുട്ടികൾ വളരാൻ. അനീതിക്കെതിരെ പൊരുതാനും അടിച്ചമർത്തലുകൾക്കെതിരെ യുദ്ധം ചെയ്യാനും നിങ്ങൾക്ക്‌ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നും സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾ നമുക്കിടയിലുണ്ട്‌. ഓരോ ദിവസവും തള്ളിനീക്കാൻ ബുദ്ധിമുട്ടുന്നവരുണ്ട്‌, അനീതി നേരിടുന്നവരുണ്ട്‌. ബാലസംഘം പ്രവർത്തകരെന്ന നിലയിൽ അവരെ കണ്ടെത്താനും അവർക്കായി പ്രവർത്തിക്കാനും ശ്രമിക്കണം. സാമൂഹ്യ, സാമ്പത്തിക വളർച്ചയ്ക്കുള്ള പ്രധാന മാർഗം വിദ്യാഭ്യാസമാണെന്ന്‌ ഓർക്കണം. കോവിഡ്‌ കാലത്ത്‌ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ കേരളം എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റ്‌ സൗകര്യവും ഉറപ്പാക്കി. ഇന്റർനെറ്റ്‌ എല്ലാവരുടെയും അവകാശമാണെന്ന്‌ മനസ്സിലാക്കി കെ ഫോൺ പദ്ധതിക്കും കേരളം തുടക്കംകുറിച്ചു. കോവിഡ്‌ കാരണം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ പേരിൽ മൂന്ന്‌ ലക്ഷം രൂപ ബാങ്ക്‌ അക്കൗണ്ടിൽ ഇടുകയും 18 വയസ്സ്‌ പൂർത്തിയാകുന്നതുവരെ പ്രതിമാസം രണ്ടായിരം രൂപവീതം നൽകുകയും ചെയ്യുന്നു. നിലവിൽ കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ ചുക്കാൻ പിടിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം പ്രകാശൻ അധ്യക്ഷനായി. കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയ മുഖ്യമന്ത്രി അവർക്കൊപ്പം ഫോട്ടോയുമെടുത്താണ്‌ മടങ്ങിയത്‌.

സമാപന ദിനമായ ശനിയാഴ്ച രാവിലെ ഇ എം എസ്‌ അക്കാദമിക്ക്‌ സമീപത്തുള്ള ബാലസംഘം യൂണിറ്റുകൾ കുട്ടികൾ സന്ദർശിക്കും. തുടർന്ന്‌ "അന്വേഷണാത്മക പഠനം' എന്ന വിഷയത്തിൽ കെ കെ കൃഷ്‌ണകുമാർ ക്ലാസെടുക്കും. സമാപന സമ്മേളനത്തിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പങ്കെടുക്കും. പകൽ മൂന്നുമുതൽ നഗരക്കാഴ്‌ചകൾ കാണാൻ കുട്ടികൾ സിറ്റി റൈഡ്‌ ബസിൽ യാത്ര ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top