20 April Saturday
പെൺകുട്ടിയെ മയക്കുമരുന്ന്‌ ക്യാരിയറായി ചിത്രീകരിച്ചു

ഏഷ്യാനെറ്റ്‌ ന്യൂസിന്‌ അഴിയൂർ സംഭവത്തിലും നോട്ടീസ്‌; വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കോഴിക്കോട്‌ > അഴിയൂരിൽ പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മയക്കുമരുന്ന്‌ ക്യാരിയറായി ചിത്രീകരിച്ച്‌ സംപ്രേഷണംചെയ്‌ത വാർത്താപരമ്പരയുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ഹാജരാക്കാൻ ഏഷ്യാനെറ്റ്‌ ന്യൂസിന്‌ പൊലീസ്‌ നോട്ടീസ്‌ നൽകി. ഏഷ്യാനെറ്റ്‌ കോഴിക്കോട്‌ ബ്യൂറോ ചീഫ്‌,  റിപ്പോർട്ടർ, തിരുവനന്തപുരത്തെ ഏഷ്യാനെറ്റ്‌ ഹെഡ്‌ ഓഫീസ്‌ അധികൃതർ എന്നിവർക്കാണ്‌ വടകര ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്‌ വ്യാഴാഴ്‌ച നോട്ടീസ്‌ നൽകിയത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നിർമിച്ച കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ്‌ ഏഷ്യാനെറ്റിന്‌ മറ്റൊരു കേസിൽ നോട്ടീസ്‌ ലഭിച്ചത്‌.
 
വീഡിയോ 48 മണിക്കൂറിനകം  ഹാജരാക്കാനാണ്‌ നിർദേശം. വെള്ളിയാഴ്‌ചവരെ ഏഷ്യാനെറ്റ്‌ മറുപടി നൽകിയിട്ടില്ല. അഴിയൂരിലെ  സ്‌കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന്‌ സംഘം ക്യാരിയറാക്കിയെന്നായിരുന്നു വാർത്ത. പഞ്ചായത്ത്‌ അംഗമായ   പ്രാദേശിക എസ്‌ഡിപിഐ നേതാവ്‌  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ്‌ ഏഷ്യാനെറ്റ്‌ തുടർച്ചയായി വാർത്ത ചമച്ചത്‌.  പെൺകുട്ടിയെ തിരിച്ചറിയാവുന്ന വിവരങ്ങളും പരസ്യപ്പെടുത്തി.
 
സ്‌പോർട്‌സ്‌ താരമായ പെൺകുട്ടിക്ക്‌ ഒരു യുവതി ലഹരി കലർന്ന ബിസ്‌കറ്റ് നൽകി വശത്താക്കിയെന്നായിരുന്നു വാർത്ത. അമ്പതോളം പെൺകുട്ടികൾ ഈ സംഘത്തിന്റെ വലയിലായതായും  വാർത്തയിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌, മുസ്ലിംലീഗ്‌ പ്രാദേശിക നേതാവിന്റെ മകനെ പൊലീസ്‌ ചോദ്യംചെയ്‌തെങ്കിലും പെൺകുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന്‌ കണ്ടെത്തി. ഈ യുവാവിന്റെ ഫോട്ടോയും വാർത്തകളിൽ കാണിച്ചു. പെൺകുട്ടി യുവാവിനൊപ്പം സഞ്ചരിച്ചതായി പറഞ്ഞ ദിവസങ്ങളിലെല്ലാം യുവാവ്‌ കോളേജിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരം രണ്ടുപേരെ ചോദ്യംചെയ്‌തപ്പോഴും ആരോപണം ശരിയല്ലെന്ന്‌ തെളിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top