27 April Saturday

ഭരണഘടനാവിരുദ്ധമായ ഒരുനിയമവും കേരളത്തിൽ നടപ്പാക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


തൃശൂർ
ന്യൂനപക്ഷത്തിനെതിരെയുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്‌ രാജ്യത്ത്‌ ആദ്യം പ്രഖ്യാപിച്ചത്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഇവിടെ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴീക്കോടൻ രാഘവന്റെ 50–-ാം രക്തസാക്ഷിദിനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ നടന്ന പൊതുയോഗം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ന്യൂനപക്ഷത്തിനുനേരെ വലിയ ആക്രമണങ്ങളാണ്‌ ആർഎസ്‌എസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.  സംഘപരിവാറിന്റെ ഈ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. മാത്രമല്ല, വർഗീയ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ്‌ കോൺഗ്രസിന്റെ പ്രവൃത്തികൾ. ഇപ്പോൾ കോൺഗ്രസ്‌ നടത്തുന്ന പദയാത്രയ്‌ക്ക്‌ ബിജെപിക്ക്‌ കരുത്തുള്ള സംസ്ഥാനങ്ങളിൽ കാര്യമായ പര്യടനമില്ല. 

കേരളത്തിൽനിന്ന്‌  ലോക്‌സഭയിൽ എത്തിയ കോൺഗ്രസ്‌ എംപിമാരിൽ ഒരാൾപോലും കേരളത്തിന്റെ ജീവൽപ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ തയ്യാറായില്ല. കേരളം ഇനിയും കൂടുതൽ മുന്നോട്ടുപോകണം. ലോകത്തിലെ വികസിത രാജ്യങ്ങളിലേതുപോലെ ജീവിതനിലവാരമുള്ള നാടായി ഒരു നവകേരളം സൃഷ്ടിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാൻ  ഇടതുപക്ഷ പാർടികളും ജനാധിപത്യ പാർടികളും ഒരേ മനസ്സോടെ അണിനിരക്കണം. കോൺഗ്രസ്‌ ഇന്നത്തെ ഇന്ത്യയിൽ അത്രമാത്രം പ്രസക്തമായൊരു പാർടിയല്ല. സംസ്ഥാനതലത്തിൽ കരുത്താർജിച്ച നിരവധി പ്രാദേശിക പാർടികൾ ഉണ്ട്‌. അവർക്കാണ്‌ ഇക്കാര്യത്തിൽ വലിയ പങ്ക്‌ വഹിക്കാനാകുക.  

ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ മാപ്പെഴുതി ജയിലിൽനിന്ന്‌ മോചിതനായ  സവർക്കറെയാണ്‌ ആർഎസ്‌എസ്‌–- ബിജെപി ദേശാഭിമാനിയായി ചിത്രീകരിക്കുന്നത്‌. ഇതേ സവർക്കറുടെ ചിത്രമാണ്‌ ഇപ്പോൾ ഒരു കോൺഗ്രസ്‌ നേതാവ്‌ നടത്തുന്ന ജാഥയുടെ പ്രചാരണത്തിനായി ആലുവയിൽ പ്രദർശിപ്പിച്ചത്‌. ബിജെപി–- ആർഎസ്‌എസ്‌നയം കോൺഗ്രസ്‌ മനസ്സും സ്വാംശീകരിച്ചിരിക്കുന്നു എന്നുവേണം ഇതിൽനിന്ന്‌ മനസ്സിലാക്കാൻ. രാജ്യവ്യാപകമായി പ്രായഭേദമെന്യേ കോൺഗ്രസ്‌ നേതാക്കളും ജനപ്രതിനിധികളും ബിജെപിയിലേക്ക്‌ ചേക്കേറുകയാണ്‌–-മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top