തിരുവനന്തപുരം
ഒളിഞ്ഞിരുന്നും നേർക്കുനേരെയും അയ്യൻകാളി സ്‌മരണയെ അവഹേളിക്കാൻ ശ്രമിക്കുന്ന ഒരാളെയും സർക്കാർ വെറുതേവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്‌മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
അയ്യൻകാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ. ആ തലമുറയ്‌ക്കൊപ്പമാണ് സർക്കാർ. അയ്യൻകാളിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ അന്വേഷണം നടത്തിവരികയാണ്. ‘വില്ലുവണ്ടിസമര'ത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ മോശം തലക്കെട്ടോടെയും ചിത്രത്തോടെയും കൂടി സമൂഹമാധ്യമത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോസ്റ്റുവന്ന ഗ്രൂപ്പിന്റെ അതേ പേരിൽ ഒന്നിലധികം അക്കൗണ്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് അധികൃതർക്ക് നോട്ടീസ് നൽകി ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാൻ നടപടി സ്വീകരിച്ചു.
ഒരു ജനതയെ അടിച്ചമർത്തലിന്റെയും അയിത്തത്തിന്റെയും ദുരവസ്ഥയിൽനിന്ന് കൈപിടിച്ചുയർത്തിയ ധീരാത്മാവായ അയ്യൻകാളിയുടെ സ്മരണ കൂടുതൽ തിളങ്ങിനിൽക്കണമെന്ന താൽപ്പര്യത്തോടെ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. വിജെടി ഹാളിന് അയ്യൻകാളിയുടെ പേരുനൽകി. അയ്യൻകാളിയുടെ സ്മരണയെ അപകീർത്തിപ്പെടുത്തുന്നത് കേരളത്തിന്റെ ഭൂതകാല പോരാട്ടങ്ങൾക്കു നേരെ ചെളിവാരിയെറിയുന്നതിന് തുല്യമാണ്. അത്തരം ഒരു നീക്കവും അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര വകുപ്പ്
ഒരു ഗൂഢസംഘത്തിന്റെയും കൈയിലല്ല
ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കൈയിലല്ലെന്നും ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അൻവർ സാദത്ത് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ കൈയിലാണെന്നു പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണ്. വകുപ്പിൽ അതിന്റേതായ ശ്രേണി വച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. അവരവർ മനസ്സിൽ കാണുന്ന കാര്യത്തിന്‌വേണ്ടി ആരോപണം ഉയർത്തുകയാണ്.
എന്തിനെയും അപഹസിക്കത്തക്ക രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവം ഒറ്റപ്പെട്ടതുതന്നെയാണ്. അതിനെ പർവതീകരിച്ച് അതാണ് കേരളത്തിലേത് എന്ന നിലയുണ്ടാക്കേണ്ടതില്ല. രാഷ്ട്രീയമായ പ്രചാരണത്തിനുവേണ്ടി നാടിനെയാകെ അപഹസിക്കാനും അഭിമാനകരമായ അന്തരീക്ഷത്തെ താറടിച്ചുകാട്ടാനുമുള്ള ബോധപൂർവമായ നീക്കമാണിത്.
പൊലീസ് പട്രോളിങ് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. പെട്രോളടിക്കാൻ പണമില്ലാത്തതുകൊണ്ട് പട്രോളിങ് മുടങ്ങുന്ന സാഹചര്യമില്ല. പൊലീസിൽ ഇനിയും അംഗബലം കൂട്ടണമെന്നത് സർക്കാരും ആലോചിക്കുന്നതാണ്. നിയമനം തടയുന്ന സാഹചര്യമില്ല. ആവശ്യത്തിന് നിയമനം നടക്കുന്നുണ്ട്.
ആലുവയിലേത് ദൗർഭാഗ്യകരമായ സംഭവമാണ്. നാടാകെ അതിൽ വേദനിക്കുന്നുണ്ട്. അത്തരം സംഭവം നടന്നുകൂടാ എന്നുതന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുറ്റവാളികൾ രക്ഷപ്പെടുകൂടാ എന്നത് ഏറ്റവും പ്രധാനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നാട് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..