ഇടുക്കി > സംസ്ഥാനത്തെ നാലാമത്തെയും ഏറ്റവും വലുതുമായ നിർദിഷ്ട ഉടുമ്പൻചോല ആയൂർവേദ മെഡിക്കൽ കോളേജിന് 10 കോടിയുടെ കൂടി ഭരണാനുമതി. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പ്രാഥമിക ചെലവുകൾക്കായി കഴിഞ്ഞവർഷം മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഒന്നാംനിലയിൽ ഒപി വിഭാഗം ആരംഭിക്കുന്നതിനാണ് 10 കോടിയുടെ ഭരണാനുമതി ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ആസൂത്രണ ബോർഡിന്റെ പരിശോധനകൾക്ക് ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഗസ്‌തിൽ ചേർന്ന എംപവേർഡ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഒന്നാംഘട്ട വികസനത്തിനാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഇനി ഡിപിആർ തയാറാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാവും.
ഇതിനുശേഷം അടുത്തഘട്ടത്തിനായി കൂടുതൽ തുക ബജറ്റിൽ ഉൾപ്പെടുത്താനാവും. ആശുപത്രിയിൽ ഒപി വിഭാഗം ആരംഭിച്ച് രണ്ട്‌വർഷം കഴിഞ്ഞാലേ വിദ്യാർഥികളെ പ്രവേശിപ്പിച്ച് പഠിപ്പിക്കാനാവുകയുള്ളു. ഉടുമ്പൻചോല പഞ്ചായത്ത് 4500 ചതുരശ്രയടി കെട്ടിട സംവിധാനമൊരുക്കും. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് 2021 ൽ റവന്യുവകുപ്പ് 23 ഏക്കർ ഭൂമി നേരത്തെ വിട്ടുനൽകിയിരുന്നു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2018ലാണ് മെഡിക്കൽ കോളേജിനുള്ള നടപടികൾ തുടങ്ങിയത്. എന്നാൽ അതിനുമുമ്പേ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മന്ത്രിയായിരുന്ന എം എം മണി സജീവമായി ഇടപെട്ടു. 2021 ഫെബ്രുവരി 15ന് മന്ത്രിയായിരുന്ന കെ കെ ശൈലജയാണ് ശിലയിട്ടത്.
ആദ്യഘട്ടം 150 കിടക്ക,
100 വിദ്യാർഥികൾ
ഒന്നാംഘട്ടം പൂർത്തിയായാൽ ആദ്യഘട്ടം രോഗികൾക്കായി 150 കിടക്കകളോടെ ആയൂർവേദ മെഡിക്കൽ കോളേജ് പ്രവർത്തിച്ചുതുടങ്ങും. കാലതാമസം കൂടാതെ 100 മെഡിക്കൽ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. ഇതുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഒന്നാംഘട്ട പദ്ധതി. ചെലവഴിക്കുന്ന തുക ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയാവും മുന്നോട്ടുപോവുക. സ്ഥലകൈമാറ്റ ഉത്തരവിലെ പ്രധാന നിബന്ധനകളിലൊന്ന് ചുറ്റുമതിലാണ്. ചുറ്റുമതിൽ നിർമിക്കാൻ ബജറ്റിൽ മൂന്ന് കോടിരൂപ അനുവദിച്ചിട്ടുണ്ട്. അതിനുള്ള സാങ്കേതിക നിയമ നടപടികൾ നീങ്ങുകയാണ്. ഡോ. പി വൈ നൗഷാദാണ് നിർദിഷ്ട ഉടുമ്പൻചോല ആയൂർവേദ മെഡിക്കൽ കോളേജിന്റെ നോഡൽ ഓഫീസർ. ഇതോടെ ചികിത്സാരംഗത്ത് പിന്നോക്കം നിൽക്കുന്ന മലയോര മേഖലയിലെ പ്രധാന പ്രശ്‌നം പരിഹരിക്കാനാവും. മാത്രമല്ല, ഉടുമ്പൻചോല അടക്കമുള്ള പ്രദേശങ്ങളുടെ നാനാവിധ വികസനത്തിനും വഴിതെളിയും. എം എം മണി എംഎൽഎയുടെ ശ്രമഫലമായാണ് ഇതുൾപ്പെടെ കോടികളുടെ വികസന പ്രവർത്തനങ്ങൾ പൊതുവേ ജില്ലയിലും പ്രത്യേകിച്ച് ഉടുമ്പൻചോല മണ്ഡലത്തിലും നടന്നുവരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..