02 May Thursday

വയനാട്ടിൽ ലീഗ് കൊടി ഒഴിവാക്കണം; സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

കൊച്ചി> രാഹുൽ ഗാന്ധി വയനാട്ടിൽ വന്നാൽ ലീഗ് കൊടി ഒഴിവാക്കണമെന്ന് നവമാധ്യമങ്ങളിൽ പ്രചാരണവുമായി കോൺഗ്രസ്. പച്ചക്കൊടി പ്രകടനത്തില്‍ നിറയുന്നത് മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം. ചില യുഡിഎഫ് ഗ്രൂപ്പുകളില്‍ പച്ചക്കൊടിയുണ്ടാക്കാവുന്ന അപകടം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോസ്റ്റിട്ടത് വിവാദമായിട്ടുണ്ട്. കൊടി ഒഴിവാക്കികൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്താല്‍ മതിയെന്നാണ് നിര്‍ദ്ദേശം.



വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പ്രചാരണത്തെ ഇതിനകം തന്നെ സംഘപരിവാര്‍ തെരഞ്ഞെടുപ്പ് ആയുധമാക്കിയിട്ടുണ്ട്. ബിജെപി നേതാവ് പ്രേരണകുമാരി വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പാക‌് പതാകകൾ വീശുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. കോൺഗ്രസ‌് എന്തുകൊണ്ട‌് വയനാട‌് മണ്ഡലം തെരഞ്ഞെടുത്തുവെന്ന‌് ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുമെന്നും ചൗക്കിദാർ പ്രേമ എന്ന‌് പേരുള്ള അക്കൗണ്ടിൽനിന്ന‌് ഇവർ ട്വീറ്റു ചെയ‌്തു. മുസ്ലിംലീഗിന്റെ കൊടിയും രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളുംകൊണ്ട‌് വയനാട്ടിൽ നടന്ന പ്രകടനത്തിന്റെ ഒരു ചാനൽ ദൃശ്യവും ഇവർ ഇതിനൊപ്പം ഉൾപ്പെടുത്തി.

സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പൊതുതാൽപര്യ ഹർജി നല്‍കിയയാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരെ ടാഗ‌് ചെയ‌്താണ‌് ട്വീറ്റ‌്. പാക‌് പതാക രാഹുലിന്റെ പരിപാടിയിൽ വീശിയെന്ന ട്വീറ്റ‌് നിരവധിപ്പേർ റീട്വീറ്റ‌് ചെയ‌്തതോടെ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിക്കുകയാണ‌്. സ്ഥാനാർഥി നിർണയം വൈകിയതോടെ അതൃപ്തി പ്രകടിപ്പിച്ച ലീഗ് നേതൃത്വത്തിനു രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമ്പോളാണ് കോൺഗ്രസിൽ നിന്നും തന്നെയുള്ള ഇത്തരം പ്രചാരണങ്ങൾ ലീഗിൽ വലിയ അതൃപ്തി സൃഷ്ടിക്കുന്നത്.

മുസ്ലീം സാമുദായിക സംഘടനകളായ സമസ്ത, സുന്നി ഇകെ വിഭാഗം, ജമാഅത്തെ, മുജാഹിദ് വിഭാഗങ്ങള്‍ എന്നിവയുടെയെല്ലാം പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുമെന്നതിനാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ബിജെപിക്ക് തുറന്ന അവസരമായിരിക്കും രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം നല്‍കുക. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ പച്ചക്കൊടിയെ പരമാവധി ദൂരെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top