28 March Thursday

അവിണിശേരി ഖാദി ഇലക്ഷൻ അട്ടിമറി: ബാലറ്റ് ബോക്‌സിൽ കൃത്രിമം കാട്ടിയ റിട്ടേണിങ് ഓഫീസർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

അറസ്റ്റിലായ അഭിഭാഷകൻ ശ്യാം കുമാർ

തൃശൂർ> അവിണിശേരി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനിലെ ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ടുനിന്ന അഭിഭാഷകൻ അറസ്റ്റിൽ. ഇലക്ഷനിൽ റിട്ടേണിങ് ഓഫീസർ ആയിരുന്ന തൃശൂർ ബാറിലെ അഭിഭാഷകനായ കുന്നംകുളം കീഴൂർ ഏറത്ത് അഡ്വ. ശ്യാം കുമാറിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ്‌ ചെയ്‌തത്.

കഴിഞ്ഞ ജൂലൈ 31 നാണ്‌  അവിണിശേരി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനിൽ തെരഞ്ഞെടുപ്പ്‌. കോൺഗ്രസ്‌ നേതാവ്‌ സി എൻ ബാലകൃഷ്‌ണന്റെ മകളും ചെയർമാനുമായ സി ബി ഗീതയുടെയും  സൊസൈറ്റി സെക്രട്ടറി കേശവന്റെയും നേതൃത്വത്തിൽ രണ്ട് പാനലുകളിലായി ഗ്രൂപ്പ്‌ തിരിഞ്ഞാണ്‌ മത്സരം നടന്നത്‌. ഇലക്ഷനിൽ വോട്ടു നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ച ബാലറ്റ് ബോക്സിൽ കൃത്രിമ അറ ഉണ്ടാക്കിയായിരുന്നു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നതിനിടെ  ബാലറ്റുകൾ ബോക്സിൽ നിന്നും എടുത്ത ശേഷവും ബോക്സിന്റെ അടിത്തട്ടിൽ ഒരു ബാലറ്റ് പുറത്തേക്ക് കാണുന്ന നിലയിൽ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്.

തുടർന്ന് വിശദമായ പരിശോധനയിൽ ബോക്സിനുള്ളിൽ അടിയിലായി കൃത്രിമ അറ നിർമിച്ചതായും അതിനുള്ളിൽ വോട്ടെടുപ്പിനു മുമ്പേ തന്നെ  വോട്ട് ചെയ്ത 50 ബാലറ്റുകൾ നിക്ഷേപിച്ചതായും  കണ്ടെത്തുകയായിരുന്നു. തുടർന്ന്  സംഘർഷമുണ്ടാവുകയും  പൊലീസ് എത്തി രംഗം ശാന്തമാക്കുകയുമായിരുന്നു. സൊസൈറ്റിയുടെ നിലവിലുണ്ടായിരുന്ന സെക്രട്ടറിയായ കേശവന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നെടുപുഴ പൊലീസ്, നടത്തിയ അന്വേഷണത്തിലാണ് റിട്ടേണിങ് ഓഫീസറായ അഡ്വ. ശ്യാം കുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

സി ബി ഗീതയുടെ അറിവോടെ ബാലറ്റ് ബോക്സിൽ കൃത്രിമം നടത്തിയതായി അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെത്തുടർന്ന്  സൊസൈറ്റിയുടെ ഭരണം  ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അസി. ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പർ 2ൽ ഹാജരാക്കി.  ഈ കേസിൽ മറ്റു പ്രതികൾ കൂടി അറസ്റ്റിലാകാൻ ബാക്കിയുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top