20 April Saturday

ആഫ്രിക്കയിലും 
ഓട്ടോകാസ്‌റ്റിന്റെ ചൂളംവിളി ; ആവി എൻജിനുകൾക്കുള്ള യന്ത്രഭാഗം ചേർത്തലയിൽനിന്ന്‌

എം കെ പത്മകുമാർUpdated: Sunday Aug 1, 2021

ഓട്ടോകാസ്‌റ്റിൽ നിർമിച്ച സൂപ്പർ ഹീറ്റർ ഹെഡർ


ആലപ്പുഴ
ആഫ്രിക്കയിലെ ആവിത്തീ വണ്ടികൾ ചൂളംവിളിച്ച്‌ പായുക ചേർത്തല ഓട്ടോകാസ്‌റ്റിൽ നിർമിച്ച യന്ത്രഭാഗങ്ങളുമായി. ആവിവണ്ടി എൻജിനുകളിലെ സൂപ്പർ ഹീറ്റർ ഹെഡറാണ്‌ പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്‌റ്റ്‌ നിർമിച്ച്‌ ദക്ഷിണ റെയിൽവേക്ക്‌ കൈമാറിയത്‌. ആഫ്രിക്കൻ രാജ്യങ്ങൾക്കായി നിർമിക്കുന്ന എൻജിനുകളിലാണ്‌ ഇവ ഉപയോഗിക്കുക.

തമിഴ്‌നാട്‌ തിരുച്ചിറപ്പള്ളി പൊന്മലൈയിലെ സെൻട്രൽ വർക്‌ഷോപ്പിലാണ്‌  എൻജിൻ നിർമിക്കുന്നത്‌. ഇന്ത്യൻ റെയിൽപ്പാതകളെ അടക്കി ഭരിച്ചിരുന്ന ആവിഎൻജിനുകൾ 2000ത്തോടെയാണ്‌ ഓട്ടം അവസാനിപ്പിച്ചത്‌. പൈതൃക പാതകളിൽ മാത്രമാണ്‌ ഇപ്പോൾ ഇവയുള്ളത്‌.

ബോയിലറിൽനിന്നുള്ള നീരാവി വീണ്ടും ചൂടാക്കുകയും താപോർജം വർധിപ്പിക്കുകയും എൻജിനുള്ളിൽ ഘനീഭവിക്കാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നവയാണ്‌ സൂപ്പർ ഹീറ്റർ ഹെഡർ. എൻജിന്റെ താപ കാര്യക്ഷമതയും വർധിപ്പിക്കും. മൂന്നു ഹെഡറിനുള്ള ഓർഡറാണ്‌ ഓട്ടോകാസ്‌റ്റിന്‌ ലഭിച്ചത്‌. ഇവ പറഞ്ഞ സമയത്തിനുമുമ്പേ കൈമാറിയെന്ന്‌ ഓട്ടോകാസ്‌റ്റ്‌ ചെയർമാൻ കെ എസ്‌ പ്രദീപ്‌കുമാർ അറിയിച്ചു.

റെയിൽവേയുടെ ഗുണനിലവാര പരിശോധനാ ഏജൻസിയായ റിസർച്ച്‌ ഡെവലപ്മെന്റ്‌ ആൻഡ്‌ സ്‌റ്റാൻഡേർഡ്‌സ്‌ ഓർഗനൈസേഷന്റെ (ഐസ്‌ആർഡിഒ) ക്ലാസ്‌ എ ഫൗണ്ടറി അംഗീകാരം ലഭിച്ചതിനാലാണ്‌ ഓട്ടോകാസ്‌റ്റിന്‌ ടെൻഡറിൽ പങ്കെടുക്കാനായത്‌. നേരത്തെ ചരക്കുവണ്ടികൾക്കുള്ള കാസ്‌നബ്‌ ബോഗി നിർമിക്കാൻ കരാർ നേടിയിരുന്നു. ഇതിലെ ആദ്യബോഗി വെള്ളിയാഴ്‌ച റോഡ്‌ മാർഗം പഞ്ചാബിലെ ജലന്ധറിലേക്ക്‌ കൊണ്ടുപോകും. പിന്നാലെ മധ്യ–കിഴക്ക്‌, ദക്ഷിണ റെയിൽവേയുടെ ടെൻഡറുകളിലും ഓട്ടോകാസ്റ്റ്‌ പങ്കെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top