02 July Wednesday
സിവിൽ സപ്ലൈസിന് ഒരുകോടി രൂപ അനുവദിച്ചു

അട്ടപ്പാടിക്ക്‌ മൈക്രോ പ്ലാൻ: ആരും പട്ടിണി കിടക്കില്ല; നിരീക്ഷണ കമ്മിറ്റി രൂപീകരിക്കും

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021

അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മന്ത്രി കെ രാധാകൃഷ്ണൻ ഷോളയൂർ ചാവടി ഊരിലെ ആദിവാസിക്കുട്ടിയെ ലാളിക്കുന്നു \ ഫോട്ടോ: പി വി സുജിത്

അഗളി > അട്ടപ്പാടിയിൽ ആദിവാസികളുടെ അടിസ്ഥാന വികസനത്തിന് മൈക്രോ പ്ലാൻ തയ്യാറാക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചികിത്സ ലഭിക്കാതെ കുട്ടികൾ  മരിക്കുകയോ ആരും പട്ടിണി കിടക്കുകയോ ചെയ്യില്ല. മൂന്നു ദിവസത്തിനിടെ നാല് ശിശുക്കൾ മരിച്ച സാഹചര്യത്തിൽ അഗളി, ഭൂതിവഴിയിലെ കില ഹാളിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളുടെ ഏകോപനത്തിന്‌ അട്ടപ്പാടിയിൽ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ജീവനക്കാരെ  നിയമിക്കും. വനം വകുപ്പിൽ 500 പേർക്കും എക്‌സൈസിൽ 200 പേർക്കും ഉടൻ ജോലി നൽകും.  പ്രത്യേക കാർഷിക പദ്ധതി പരിഗണനയിലുണ്ട്‌. മണ്ണാർക്കാട്–- ആനക്കട്ടി റോഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കും.

2013 മുതൽ  അട്ടപ്പാടിയിൽ വിനിയോഗിച്ച 147 കോടി രൂപയുടെ പദ്ധതികൾ വിലയിരുത്താൻ  നിരീക്ഷണ കമ്മിറ്റി രൂപീകരിക്കും.  മദ്യനിരോധനം ഉണ്ടാക്കിയ ആഘാതം പഠിക്കാനും മദ്യാസക്തി കുറയ്ക്കാനും  ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാര വിതരണം നടത്തിയ ഇനത്തിൽ സിവിൽ സപ്ലൈസ്‌ വകുപ്പിന്‌ നൽകാനുള്ള ഒരു കോടി രൂപ അനുവദിച്ചു.

അവലോകനയോഗത്തിനുശേഷം വിവിധ ഊരുകൾ സന്ദർശിച്ച മന്ത്രി ശിശുമരണമുണ്ടായ കുടുംബങ്ങളിലുള്ളവരുമായി സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top