28 March Thursday

മധു കേസ്: സാക്ഷി മൊഴിമാറ്റൽ വീണ്ടും; പ്രതികളുടെ ജാമ്യഹർജി 3ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

മണ്ണാർക്കാട് > അട്ടപ്പാടി മധു വധക്കേസിൽ ശനിയാഴ്ച വിസ്‌തരിച്ച ഒരു സാക്ഷി കൂറുമാറി. ഒരാൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. രണ്ട്‌ സാക്ഷികളെ വിസ്‌തരിക്കുന്നതിൽനിന്ന്‌ ഒഴിവാക്കി. 42--ാം സാക്ഷി നവാസാണ്‌ കൂറുമാറിയത്. ഇതോടെ മധുകേസിൽ കൂറുമാറിയവരുടെ എണ്ണം 26 ആയി.

മുക്കാലിയിൽ മധുവിനെ തോളിൽ ചാക്കുമായി ഒരു കൂട്ടം ആളുകളോടൊപ്പം കണ്ടതായും മധുവിന് തൊട്ടുപിറകിലായി കണ്ട വെളുത്ത ഷർട്ടിട്ട കണ്ണടവച്ച ആൾ താനാണെന്ന് തോന്നുന്നതായും കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യങ്ങളിൽ നവാസ് സ്ഥിരീകരിച്ചു. എന്നാൽ പ്രതികളിലാരെയും അറിയില്ലെന്നും പൊലീസിന് നേരത്തേ മൊഴി നൽകിയിട്ടില്ലെന്നും നവാസ് പറഞ്ഞു. നാല്‌ സാക്ഷികളെയാണ് ശനിയാഴ്ച വിചാരണ നടത്തേണ്ടിയിരുന്നത്. 80-ാം സാക്ഷി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എൻ പഞ്ചനെ വിസ്‌തരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ ഉച്ചയ്‌ക്ക്‌ശേഷം വിസ്‌തരിച്ചു.

79-ാം സാക്ഷി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എം പെരുമാൾ, 47-ാം സാക്ഷി ഒന്നാംപ്രതിയുടെ സഹോദരൻകൂടിയായ അബ്ദുറഹിമാൻ എന്നിവരെ വിസ്താരത്തിൽനിന്ന് ഒഴിവാക്കി. 12 പ്രതികളുടെ ജാമ്യഹർജി ശനിയാഴ്ച സ്പെഷ്യൽ ജില്ലാ കോടതി പരിഗണിച്ചു. ഹൈക്കോടതി നൽകിയ ജാമ്യകാലഘട്ടത്തിൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതുകൊണ്ടാണ് ജാമ്യം റദ്ദാക്കാൻ ഹർജി നൽകേണ്ടി വന്നതെന്നും മധുവിന്റെ അമ്മ, സഹോദരി എന്നിവരുൾപ്പെടെയുള്ളവരുടെ സാക്ഷി വിസ്‌താരം നടക്കാനുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിൽ നെഗറ്റീവ് സന്ദേശമാവും പ്രചരിക്കുകയെന്നും പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ വാദിച്ചു.

ഏതു വ്യവസ്ഥയിലായാലും പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ മുൻകാല ചരിത്രം കൂടി പരിശോധിച്ച് തുടർവാദവുംകേട്ട ശേഷം മൂന്നിന് കേസ് പരിഗണിക്കുമെന്ന് ജില്ലാ ജഡ്ജി കെ എം രതീഷ്‌കുമാർ ഉത്തരവിട്ടു. വിധി പിന്നീട് പറയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top