16 December Tuesday

എടിഎമ്മിൽ പണംനിറയ്‌ക്കുന്ന ഏജന്റിനെ ആക്രമിച്ച്‌ 13.5ലക്ഷം തട്ടി; 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

പിടിയിലായ പ്രതികൾ

കുന്നിക്കോട്> സ്വകാര്യ എടിഎം കൗണ്ടറിൽ പണംനിറയ്ക്കാനായി സ്കൂട്ടറിൽ പോയ ഏജന്റിനെ ആക്രമിച്ച് പതിമൂന്നര ലക്ഷം രൂപ കവർന്ന മൂന്നുപേർ പിടിയിൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ബിനീഷ് ഭവനിൽ ബിനീഷ് (43) , ചരുവിള വീട്ടിൽ മുബാറക് (28), സഹോദരൻ മുജീബ് (30) എന്നിവരാണ് പിടിയിലായത്. മൈലം അന്തമൺ കളപ്പിലാ തെക്കേതിൽ ഗോകുലി (25)നെയാണ്‌ ആക്രമിച്ച്‌ പണം കവർന്നത്‌. തട്ടിയെടുത്ത പണം ബീനീഷിന്റെ വീട്ടിൽനിന്ന് ഒളിപ്പിച്ച നിലയിൽ കണ്ടത്തി. മെയ് 26ന് അന്തമൺ വിരുത്തി -പട്ടാഴി റോഡിൽ രാത്രി ഏഴിനാണ് സംഭവം. 
 
പൊലീസ് പറയുന്നത്‌: ഇന്ത്യ ഓൺ പെയ്‌മെന്റ്‌ എന്ന സ്വകാര്യ എടിഎം കൗണ്ടറിൽ പണംനിറയ്ക്കുന്ന ജോലിയാണ് ഗോകുലിന്. 26ന് ഗോകുലിന്റെ ഏജൻസി ഉടമ 62ലക്ഷം രൂപ വിവിധ എടിഎം കൗണ്ടറിൽ നിറയ്ക്കാനായി കൊട്ടാരക്കര എസ്ബിഐ ബ്രാഞ്ചിൽനിന്ന് വൈകിട്ട് 4.20ന് ഗോകുലിന് കൈമാറി. പുത്തൂർ, കോട്ടാത്തല, കീരിക്കൽ, പൂവറ്റൂർ, കലയപുരം, പുത്തൂർമുക്ക് കൗണ്ടറുകളിൽ പണംനിറച്ച ശേഷം പട്ടാഴിയിലേക്ക് വരുമ്പോഴാണ് വേഗതയിൽ വന്ന സ്കോർപ്പിയോ കാർ ഉപയോഗിച്ച് ഗോകുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറ്റിയത്. റോഡിലേക്ക്‌ തെറിച്ചുവീണ ഗോകുലിനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കവെ ഗോകുൽ പാതയോരത്തെ വീട്ടിൽ അഭയംതേടി. ഇതിനിടെ സ്കൂട്ടറിലെ പണമടങ്ങിയ ബാഗും കവർന്ന്‌ സംഘം രക്ഷപ്പെട്ടു. കുന്നിക്കോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണമെടുത്തശേഷം ബാഗ് ഉപേക്ഷിച്ച നിലയിൽ വഴിയരികിൽനിന്ന് കണ്ടെത്തി.
 
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കവർച്ചാസംഘം ഉപയോഗിച്ച സ്കോർപ്പിയോ കാർ വ്യാജ നമ്പർ പതിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘത്തിലുള്ളവരെ തിരിച്ചറിയുകയായിരുന്നു. നിരീക്ഷണത്തിലായിരുന്ന പ്രതികളെ കഴിഞ്ഞദിവസം വീട്ടിൽനിന്ന്‌ പിടികൂടി. കവർച്ചയ്ക്ക് നേതൃത്വം നൽകിയ സൂത്രധാരൻ ബിനീഷ് ബഷീർ എടിഎം കൗണ്ടറിൽ പണംനിറയ്ക്കുന്ന ജോലി ചെയ്യുന്നയാളാണ്. ഇയാൾ കരാറിൽ ഏർപ്പെട്ട വസ്തു ഇടപാടിൽ പണം നൽകാനാണ് കവർച്ച പ്ലാൻ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കാറിന്റെ വ്യാജ നമ്പർ നിർമിച്ച കടയുടമയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കൊട്ടാരക്കര ഡിവൈഎസ്‌പി ഡി വിജയകുമാർ, എസ്എച്ച്‌ഒ അൻവർ, വൈ ഗംഗാപ്രസാദ്, അഖിൽ, ബാബുരാജ്, ബിനു, രാജേഷ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top