20 April Saturday

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; നിറഞ്ഞുകവിഞ്ഞ്‌ അതിരപ്പിള്ളി വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
തൃശൂർ > ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാൾവുകൾ തുറന്നു. തിങ്കൾ പകൽ രണ്ടോടെ ആദ്യ വാൽവ്‌ തുറന്നു. നാലോടെ രണ്ടാമത്തെ വാൽവും തുറന്നു.   400 ക്യുമെക്‌സ് ജലമാണ്‌  ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്‌.  തിങ്കളാഴ്‌ച രാവിലെ ഏഴിന്‌  ഡാമിലെ ജലനിരപ്പ് 420.80 മീറ്ററാണ്. നിലവിൽ ഡാമിന്റെ ഏഴ്‌ സ്പിൽവേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.
 
ജില്ലയിൽ തിങ്കളാഴ്‌ച യെല്ലോ അലർട്ടും ചൊവ്വാഴ്‌ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺകൂടിയായ കലക്ടർ ഹരിത വി കുമാർ    രണ്ടുഘട്ടമായി  സ്ലൂയിസ് വാൾവുകൾ തുറക്കാൻ ഉത്തരവിട്ടത്‌. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാൻ സാധ്യതയുണ്ട്‌.  പൊതുജനങ്ങളും കുട്ടികളും പുഴയിൽ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങൾ കഴുകുന്നതും ഒഴിവാക്കണമെന്ന്‌  കലക്ടർ അറിയിച്ചു. പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാനും സാധ്യത.
 
ഡാമിന്റെ സംഭരണശേഷി 29 അടിയാണ്. നിലവിൽ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തിൽ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തിയാൽ ഷട്ടറുകൾ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ജൂണിൽ  40 ശതമാനമാണ്‌  മഴക്കുറവ്‌. 709.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌  425.8 മില്ലിമീറ്ററാണ്‌   ലഭിച്ചത്‌.  എന്നാൽ, മൂന്നുദിവസമായി കനത്ത മഴയാണ്‌ പെയ്‌തിറങ്ങുന്നത്‌. ജൂലൈ നാലുവരെയുള്ള കണക്കനുസരിച്ച്‌  കാലവർഷം 539.8  മില്ലിമീറ്റർ മഴ ലഭിച്ചു. ശരാശരി 806 - മില്ലിമീറ്റർ മഴയാണ്‌ ലഭിക്കേണ്ടത്‌. നിലവിൽ 33 ശതമാനം മഴക്കുറവുണ്ട്‌. സംസ്ഥാനത്ത്‌ 43 ശതമാനമാണ്‌ മഴക്കുറവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top