17 April Wednesday

കണ്ണൂരും, അഴീക്കോടും യുഡിഎഫിനെ തോൽപ്പിച്ചത്‌ കോൺഗ്രസെന്ന്‌ മുസ്ലിംലീഗ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
കണ്ണൂർ > അഴീക്കോട്, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിനെ തോൽപ്പിച്ചത് കോൺഗ്രസെന്ന് മുസ്ലിംലീഗ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരാജയത്തിന് ഉത്തരവാദികളാണെന്ന് ലീഗ് കണ്ണൂർ, അഴീക്കോട് മണ്ഡലം അവലോകന റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥികളെ  കുറ്റപ്പെടുത്താതെ യുഡിഎഫ് സംവിധാനത്തെ മൊത്തത്തിലും കോൺഗ്രസ്, ലീഗ് സംസ്ഥാന–- ജില്ലാ നേതൃത്വങ്ങളെ  രൂക്ഷമായും വിമർശിക്കുന്നതാണ്‌ റിപ്പോർട്ട്‌.
 
അഴീക്കോട്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന്‌ സംസ്ഥാന നേതൃത്വം കാണിച്ച പിടിപ്പുകേടും തോൽവിക്ക്‌ കാരണമായി. കെ എം ഷാജി  മൂന്നിടത്ത്‌ സ്ഥാനാർഥിയാകുമെന്ന പ്രചാരണം  തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളെ അനിശ്‌ചിതത്വത്തിലാക്കി.  ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ സ്ഥാനാർഥി മോഹവും വിനയായി. ബൂത്തുതല പ്രവർത്തനം നിർജീവമായപ്പോൾ യുഡിഎഫ്‌ നേതൃത്വത്തിന്‌ ഇടപെടാനായില്ല. തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ കൃത്യമായി നൽകാത്തതും പ്രചാരണത്തെ പിന്നോട്ടടിപ്പിച്ചു. കോൺഗ്രസിന്‌ സ്വാധീനമുള്ള പള്ളിക്കുന്ന്‌, പുഴാതി മേഖലകളിൽ വൻ വോട്ടുചോർച്ചയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിൽനിന്ന്‌  കുത്തനെ കുറഞ്ഞു. പള്ളിക്കുന്നിലെ  കോൺഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ സുധാകരൻ ഇടപെട്ടിട്ടും തടയാനായില്ല. പള്ളിക്കുന്ന്‌ ബാങ്ക്‌  പ്രശ്‌നവും തിരിച്ചടിയായതായും റിപ്പോർട്ടിൽ പറയുന്നു.
 
കണ്ണൂരിലെ തോൽവിക്ക്‌  കെ സുധാകരനും കോർപറേഷൻ മേയർ ടി ഒ മോഹനനും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയും ഉത്തരവാദികളാണെന്ന്‌  കണ്ണൂർ മണ്ഡലം റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.  റിജിൽ മാക്കുറ്റി യുഡിഎഫ്‌ സ്ഥാനാർഥി സതീശൻ പാച്ചേനിയുടെ പരാജയം ഉറപ്പിക്കുന്ന പ്രവർത്തനമാണ്‌ നടത്തിയതെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്‌.
 
സ്ഥാനാർഥി മോഹമുണ്ടായിരുന്ന റിജിൽ മാക്കുറ്റിയുടെ വിമത പ്രവർത്തനം കോൺഗ്രസ്‌  സ്വാധീന മേഖലകളിലെ പോളിങ്ങിനെ ബാധിച്ചു.  മേയർ ടി ഒ മോഹനൻ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ ഇറങ്ങിയതേയില്ല. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്‌ കെ സുധാകരൻ  ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ്‌–- ലീഗ്‌ പോരിന്റെ ആഴം വരച്ചുകാട്ടുന്നതാണ്‌ റിപ്പോർട്ട്‌. രൂക്ഷ പരാമർശങ്ങളടങ്ങിയ റിപ്പോർട്ടാണ്‌  തയ്യാറാക്കിയതെങ്കിലും  നേതൃത്വം ഇടപെട്ടതിനാൽ മയപ്പെടുത്തിയാണ്‌ കമ്മിറ്റിയിൽ അവതരിപ്പിച്ചതത്രെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top