09 May Thursday

രാജ്യം ഭരിക്കുന്നത് മാനവികമൂല്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയശക്തി; മതന്യൂനപക്ഷങ്ങൾക്കൊപ്പം നിലയുറപ്പിക്കുക : അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കൊച്ചി> രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാറിന്റേയും സര്‍ക്കാരുകളുടേയും അക്രമങ്ങള്‍ക്കെതിരെ
സിപിഐ എം നേതൃത്വത്തിൽ  നടക്കുന്ന  പ്രതിഷേധയോഗങ്ങൾക്ക്  അഭിവാദ്യം  അര്‍പ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ് അശോകന്‍ ചരുവില്‍.  ഒട്ടുമിക്ക രാജ്യങ്ങളിലും അതതിടത്തെ മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. മൂലധന മേധാവിത്തത്തിൻ്റെ നീക്കം മാനവമൂല്യങ്ങളെ എങ്ങനെ നഷ്ടപ്പെടുത്തുന്നു എന്നതിൻ്റെ സൂചനയാണ് ഇതെന്നും ചരുവില്‍ പറഞ്ഞു.

ഇന്ത്യയിൽ എല്ലാവിധ ന്യൂനപക്ഷങ്ങൾക്കും ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഭിന്നശേഷിക്കാർക്കും രോഗബാധിതർക്കും പ്രത്യേക പരിഗണനയും പരിരക്ഷയും വേണമെന്ന ചിന്ത ഉയർന്നു വന്നത് നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിട്ടാണ്. രാഷ്ട്രം സ്വതന്ത്രമായപ്പോൾ ആ മാനവീക ചിന്ത നമ്മുടെ ഭരണഘടനയിൽ എഴുതിച്ചേർത്തു. ഭരണഘടനാ അസംബ്ലിയിൽ ന്യൂനപക്ഷാവകാശത്തെ വിമർശിച്ചവരോട് അംബേദ്ക്കർ പറഞ്ഞു: "ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷം ഉണ്ടാകുന്നത്. മറിച്ചല്ല. ന്യൂനപക്ഷം ഉള്ളതുകൊണ്ട് ന്യൂനപക്ഷാവകാശവും വേണ്ടിവരും."
എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ എതിർക്കുകയും ദേശീയപ്രസ്ഥാനം ഉയർത്തിക്കൊണ്ടു വന്ന മാനവികമൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയശക്തിയാണ്. അവർ ഇപ്പോൾ അധികാരത്തിൻ്റെ പിൻബലത്തിൽ ഭരണഘടനയെ നോക്കുകുത്തിയാക്കി നിർത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ക്രിസ്ത്യൻ പള്ളികളേയും അവർ നടത്തുന്ന വിദ്യാലയങ്ങളേയും സംഘപരിവാർ ഗുണ്ടകൾ പോലീസ് സഹായത്തോടെ ആക്രമിക്കുന്നു. പതിനായിരക്കണക്കിന് മുസ്ലീമുകൾ ഇതിനകം പൗരത്വത്തിൽ നിന്നു പുറത്തായി കഴിഞ്ഞു.
കേരളത്തിൽ മുസ്ലീം ജനവിഭാഗത്തെ അരക്ഷിതാവസ്ഥയിൽ നിറുത്താനുള്ള തീവ്രശ്രമം ആർ.എസ്.എസ്. നടത്തിക്കൊണ്ടിരിക്കുന്നു. ഇസ്ലാംമതത്തെയും അവരുടെ വിശ്വാസത്തെയും ആരാധനാരീതികളേയും ആഹാരത്തേയും വസ്ത്രത്തേയും മറ്റും അപമാനിക്കുന്ന വിഷപ്രചരണങ്ങൾ സോഷ്യൽ മീഡിയയിലേക്ക് അവർ ഒഴുക്കിവിട്ടിരിക്കുകയാണ്. "പ്രാർത്ഥിക്കാൻ പള്ളിയുണ്ടാവില്ല" എന്ന ഭീഷണി തലശ്ശേരിയിൽ മുഴങ്ങി. നിരന്തരമായി നടത്തുന്ന ഇത്തരം പ്രകോപനങ്ങളിലൂടെ മറുപുറത്തെ തങ്ങളുടെ സുഹൃത്തുക്കളായ മതതീവ്രവാദികളെ സഹായിക്കാൻ കഴിയുമെന്നാണ് ആർ.എസ്.എസ്.കരുതുന്നത്. അതുവഴി സംസ്ഥാനത്ത് വർഗ്ഗീയധ്രുവീകരണം പൂർണ്ണമാക്കാമെന്നും അവർ വിശ്വസിക്കുന്നു.
കേരളത്തിൽ മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോഴെല്ലാം അവർക്ക് പിന്തുണയും സുരക്ഷയുമായി എത്തിയിട്ടുള്ളത് ഇടതുപക്ഷവും സിപിഐ എമ്മും ആണ്. ന്യൂനപക്ഷങ്ങളുടെ പിൻബലം സിപിഐ എം. ആണെന്ന് തിരിച്ചറിഞ്ഞതു മുതലാണ് ആർഎസ്എസുകാർ സഖാക്കളെ കൊല്ലാൻ തുടങ്ങിയത്. ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രചരണ പരിപാടികൾ ന്യൂനപക്ഷ വേട്ടക്കെതിരായ ജനങ്ങളുടെ പ്രതിരോധമായി മാറണമെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top