29 March Friday

'ഇഎംഎസിന്റെ ആ വാക്കുകളാണ് എന്നെ നയിച്ചിട്ടുള്ളത്': അടിയന്തിരാവസ്ഥ കാലത്തെ കുറിച്ച് അശോകന്‍ ചരുവില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

'ഇന്ദിരാഗാന്ധിയുടെ അച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.നിങ്ങള്‍ മൈക്ക് അനുവദിക്കുന്നില്ലെങ്കില്‍ മൈക്കില്ലാതെ ശബ്ദമുയര്‍ത്തി വിമര്‍ശിക്കും. ഇതുപോലെ യോഗം ചേരാന്‍ അനുവദിക്കില്ലെങ്കില്‍ ഈ രാജ്യത്തെ ഓരോ മനുഷ്യന്റേയും ചെവിയില്‍ പോയി പറയും. ചങ്കില്‍ ശ്വാസമുള്ള സമയം വരെ എനിക്കു പറയാനുള്ളത് പറയും.'
ആവേശകരമായ പ്രതികരണമാണ് സദസ്സില്‍ നിന്നുണ്ടായത്.പിന്നീടുള്ള ജീവിതത്തില്‍ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഇ.എം.എസിന്റെ ആ വാക്കുകളാണ് എന്നെ നയിച്ചിട്ടുള്ളത്'-- അശോക്ന്‍ ചരുവില്‍ എഴുതുന്നു



ഫേസ്ബുക്ക് കുറിപ്പ്


1975 ജൂണ്‍ 25നു തുടങ്ങിയ അടിയന്തിരാവസ്ഥാ കാലം. ഞാന്‍ അന്ന് നാട്ടിക എസ്.എന്‍.കോളേജില്‍ പഠിക്കുകയാണ്. ഇ.എം.എസ്. തൃപ്രയാര്‍ ശ്രീരാമാ ടാക്കീസില്‍ പ്രസംഗിക്കുവാന്‍ എത്തുന്നതായി വിവരം കിട്ടി. ഞാനും കൂട്ടുകാരും അവിടെ ചെന്നു. ഇ.എം.എസ്. എത്തിക്കഴിഞ്ഞിരുന്നു. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ആഡിറ്റോറിയം. ഞങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കാനെ സാധിച്ചുള്ളു.
പൊതുയോഗത്തിന് മൈക്ക് അനുവദിച്ചിരുന്നില്ല. സെര്‍വിക്കല്‍ സ്‌പോണ്ടിലോസീസിനുള്ള കോളര്‍ കഴുത്തില്‍ ചുറ്റിയാണ് ഇ.എം.എസ് നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദം മൈക്കില്ലാതെ ആയിരങ്ങള്‍ എങ്ങനെ ഇത്രക്കും വ്യക്തമായി കേട്ടു എന്നത് എനിക്കിന്നും വിസ്മയമാണ്. ആ പ്രസംഗത്തിലെ ഓരോ വാക്കും എന്റെ ഹൃദയത്തില്‍ ഇന്നും മുഴങ്ങുന്നുണ്ട്. ഇ.എം.എസ്.തുടങ്ങി:


'സഹോദരീ സഹോദരന്മാരെ,

മൈക്കില്ലാതെ പ്രസംഗിക്കുന്നതിന്റെ അസൗകര്യം നിങ്ങള്‍ പൊറുക്കണം. ഇന്നു കാലത്തെ രണ്ടു യോഗങ്ങള്‍ക്ക് മൈക്ക് അനുവദിച്ചിരുന്നു. ഉച്ചക്കുശേഷമുള്ള യോഗങ്ങള്‍ക്ക് അനുവദിച്ചില്ല. അതിനു കാരണമായി പോലീസ് പറയുന്നത്: കാലത്തെ യോഗങ്ങളില്‍ ഞാന്‍ ശ്രീമതി ഗാന്ധിയെ വിമര്‍ശിച്ചു എന്നാണ്. ഈ പോലീസുകാര്‍ വലിയ സമര്‍ത്ഥരാണ്. ഇ.എം.എസ് ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്നു എന്ന സംഗതി അവര്‍ കണ്ടു പിടിച്ചു കളഞ്ഞു!

ഇന്ദിരാഗാന്ധിയെ മാത്രമല്ല; ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ നയിക്കുന്ന സകലരേയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്; ഇനിയും വിമര്‍ശിക്കും. ഇന്ദിരാഗാന്ധിയുടെ അച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.നിങ്ങള്‍ മൈക്ക് അനുവദിക്കുന്നില്ലെങ്കില്‍ മൈക്കില്ലാതെ ശബ്ദമുയര്‍ത്തി വിമര്‍ശിക്കും. ഇതുപോലെ യോഗം ചേരാന്‍ അനുവദിക്കില്ലെങ്കില്‍ ഈ രാജ്യത്തെ ഓരോ മനുഷ്യന്റേയും ചെവിയില്‍ പോയി പറയും. ചങ്കില്‍ ശ്വാസമുള്ള സമയം വരെ എനിക്കു പറയാനുള്ളത് പറയും.'
ആവേശകരമായ പ്രതികരണമാണ് സദസ്സില്‍ നിന്നുണ്ടായത്.

പിന്നീടുള്ള ജീവിതത്തില്‍ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഇ.എം.എസിന്റെ ആ വാക്കുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതുകൊണ്ട് ഹിറ്റ്‌ലര്‍ തിരിച്ചു വന്നാലും, മോദിയോ, യോഗിയോ, താലിബാനോ രാജ്യം ഭരിച്ചാലും നിരാശയില്ലാതെ മുന്നോട്ടു പോകാന്‍ എനിക്കു കഴിയും. ചങ്കില്‍ ശ്വാസമുള്ള കാലം വരെ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top