09 December Saturday

"കോട്ടയം കോൺഗ്രസ്‌ കുഞ്ഞച്ചൻ' അഡ്‌മിന്മാരിൽ ഒരാൾ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിൽ പണിയെടുക്കുന്നു; വിടുവേല നിർത്താൻ ചാനൽ തയ്യാറാകണം: വി കെ സനോജ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

വി കെ സനോജ്‌

തിരുവനന്തപുരം > വ്യാജ ഫെയ്‌സ്‌ബുക്ക്‌ ഐഡിയിലൂടെ സ്‌ത്രീകളെ അപമാനിച്ച കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിലായ വാർത്തയിൽ ഡിവൈഎഫ്‌ഐയെ സംശയമുനയിൽ നിർത്താൻ ശ്രമിച്ച ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. "കോട്ടയം കോൺഗ്രസ് കുഞ്ഞച്ചന്മാരുടെ' പേജുകൾ സ്പോൺസർ ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണോ? എന്ന്‌ സനോജ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു.

ഇടതുപക്ഷത്ത് നിൽക്കുന്ന സ്ത്രീകൾക്ക് നേരെയും ഇടതു നേതാക്കളുടെ ഭാര്യമാർക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിലെ ഫെയ്ക്ക് ഐഡികളിലൂടെ ഹീനമായ ഭാഷയിൽ അശ്ലീല പ്രചരണം നടത്തിയ  കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് സൈബർ ടീം അംഗവുമായ പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഈ വാർത്തയിലാണ്‌ ഡിവൈഎഫ്‌ഐയുടെ കൊടി ചേർത്ത്‌ ഏഷ്യാനെറ്റ്‌ വായനക്കാരെ തെറ്റിധരിപ്പിക്കാൻ ശ്രമം നടത്തിയത്‌.

വി കെ സനോജിൻെറ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

"കോട്ടയം കോൺഗ്രസ് കുഞ്ഞച്ചന്മാരുടെ' പേജുകൾ സ്പോൺസർ ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണോ?.

കോൺഗ്രസിന്റെ സെമികേഡർ സൈബർ ഗുണ്ടകളിൽപെട്ട ഒരു 'കോട്ടയം കുഞ്ഞച്ചനെ' ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.  ഇടതുപക്ഷത്ത് നിൽക്കുന്ന സ്ത്രീകൾക്ക് നേരെയും ഇടതു നേതാക്കളുടെ ഭാര്യമാർക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിലെ ഫെയ്ക്ക് ഐഡികളിലൂടെ ഹീനമായ ഭാഷയിൽ അശ്ലീല പ്രചരണം നടത്തിയ  കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് സൈബർ ടീം അംഗവുമായ പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്.

എന്നാൽ ഇതു സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ്‌ ന്യൂസ് ഓൺലൈൻ ഹാന്റിൽ റിപ്പോർട്ട് ചെയ്‌തത്,  ഈ ക്രിമിനൽ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് തോന്നിപ്പിക്കുന്ന നിലയിലാണ്. ഡിവൈഎഫ്ഐ പതാക ഒരു ഭാഗത്തും പ്രതിയുടെ മുഖം മറുപകുതിയിലും ചേർത്ത കാർഡിൽ ഈ ക്രിമിനൽ കോൺഗ്രസ്സുകാരനാണെന്ന ഒരു സൂചന പോലും വരാതിരിക്കാൻ ഏഷ്യാനെറ്റ് പുലർത്തിയ ജാഗ്രതയുണ്ടല്ലോ, അത് കാണാതെ പോകാൻ പറ്റില്ല. കോൺഗ്രസ്സ് സൈബർ ക്രിമിനലുകളെ സംരക്ഷിക്കുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടാൻ പാകത്തിന് കാർഡ് ഡിസൈൻ കൊടുക്കുന്ന പണിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്‌തു കൊടുത്തത്.

ഇടതു നേതാക്കളെ അധിക്ഷേപിക്കുന്ന കോൺഗ്രസ് - യുഡിഎഫ് സൈബർ ക്രിമിനലുകളെ ന്യൂസ് നൈറ്റ് ചർച്ചയിൽ വിളിച്ചിരുത്തി ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്യാറുള്ളത്. 8 മണിക്കുള്ള അധമസഭ ചേർന്ന് മറ്റൊരു ദൃശ്യമാധ്യമത്തിലെ റിപ്പോർട്ടറുടെ കുഞ്ഞിന്റെ പിതൃത്വം  ചോദ്യം ചെയ്‌ത സംഘമാണ് ആ ചാനലിനെ നയിക്കുന്നത്. 'കോട്ടയം കുഞ്ഞച്ചന്റെ' അഡ്‌മിന്മാരിൽ ഒരാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും പണിയെടുക്കുന്നുണ്ട്. നിർലജ്ജം നിരന്തരം നടത്തുന്ന ഈ വിടുവേല നിർത്താൻ ഏഷ്യാനെറ്റ് തയാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top