26 April Friday

വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു: ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റ്‌ നോട്ടീസ്‌

പ്രത്യേക ലേഖകൻUpdated: Wednesday May 24, 2023

തിരുവനന്തപുരം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌. തങ്ങൾക്ക്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ എംബ്ലം ദുരുപയോഗം ചെയ്‌തു എന്നിവയാണ്‌ ആരോപണങ്ങൾ.

സിപിഐ എം സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ എന്നിവർക്കെതിരെയാണ്‌  നോട്ടീസ്‌. പത്ത്‌ കോടിരൂപ നഷ്‌ടപരിഹാരം, ദേശാഭിമാനി പത്രത്തിലും ഓൺലൈനിലും മാപ്പപേക്ഷ പ്രസിദ്ധീകരിക്കൽ എന്നിവയാണ്‌ ആവശ്യം.  അതേസമയം, ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തകൾ കള്ളമാണെന്ന്‌ ആരോപിച്ചിട്ടില്ല, വാർത്തകൾ ഏഷ്യാനെറ്റ്‌ നിഷേധിച്ചിട്ടുമില്ല.

‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ചു, ഏഷ്യാനെറ്റിനെതിരെ പൊലീസ്‌ അന്വേഷണം’ എന്ന മാർച്ച്‌ നാലിന്‌ പ്രസിദ്ധീകരിച്ച വാർത്തമുതൽ മാർച്ച്‌ 25 വരെ ഇതുമായി ബന്ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച 17 വാർത്തകൾ ചൂണ്ടിക്കാണിച്ചാണ്‌ നോട്ടീസ്‌. ഇതേ വാർത്തകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചതും അപകീർത്തികരമാണെന്നും പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ചതിനെതിരെ പൊലീസ്‌ അന്വേഷണം നടക്കുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പി വി അൻവറിന്റെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞിരുന്നു. ഇതാണ്‌ മാർച്ച്‌ നാലിന്‌ ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തത്‌. തുടർന്ന്‌ പൊലീസ്‌ അന്വേഷണവും ക്രൈംബ്രാഞ്ച്‌ കേസ്‌ എടുത്തതടക്കമുള്ള വാർത്തകളും റിപ്പോർട്ട്‌ ചെയ്‌തിരുന്നു. വ്യാജ വീഡിയോ ചിത്രീകരണ കേസിന്റെ അടിസ്ഥാനത്തിൽ മാധ്യമ ധാർമ്മികത സംബന്ധിച്ചും അത്‌ കാറ്റിൽ പറത്തുന്നതിനെതിരായ വിമർശനങ്ങൾ ഉൾപ്പെടുത്തിയും വാർത്ത കൊടുത്തു.

വ്യാജ വീഡിയോ ചിത്രീകരണ കേസിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധുസൂര്യകുമാറിനെ ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. അതിനു മുമ്പ്‌ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ്‌ എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ്‌ ജീവനക്കാരിയെയും ചോദ്യംചെയ്‌തിരുന്നു. സിന്ധു സൂര്യകുമാർ അടക്കം നാല്‌ പേർ പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. തെളിവുകളുള്ള ഇവയെല്ലാം ദേശാഭിമാനി വാർത്തയാക്കിയിട്ടുണ്ട്‌. ഇതിനെതിരെയാണ് ഇപ്പോൾ നോട്ടീസുമായി ഏഷ്യാനെറ്റ്‌ ന്യൂസ് വന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top