20 April Saturday

അന്വേഷണത്തിന്‌ പ്രത്യേക സംഘം വേണം: ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ ബാലാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

തിരുവനന്തപുരം> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ്‌ വ്യാജവാർത്ത നിർമിച്ച സംഭവത്തിൽ  പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് സംസ്ഥാന ബാലാവകാശ കമീഷന്റെ നിർദേശം.  ശ്രദ്ധ നേടിയെടുക്കാൻവേണ്ടിയുള്ള മത്സരത്തിൽ മാധ്യമങ്ങൾ നിയമലംഘനം നടത്തുന്നത്‌ ശരിയല്ല. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി ആവശ്യമാണെന്നും കമീഷൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ്‌ പത്രധർമത്തിന്റെ വിശാലമായ അർഥം ഉൾക്കൊള്ളാതെ വ്യാജവാർത്ത ഉണ്ടാക്കിയതും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇതിന്‌ ഉപയോഗിച്ചതും ഗൗരവത്തോടെ കാണണം.

പെൺകുട്ടിയെ സഹപാഠി ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിക്കാനും കമീഷൻ അധ്യക്ഷൻ കെ വി മനോജ്കുമാർ നിർദേശം നൽകി. വ്യാജവാർത്തകൾ ചമയ്ക്കുകയോ തെറ്റായ സന്ദേശങ്ങൾ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കണം.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്ന നടപടി ഉണ്ടാകുന്നില്ലെന്ന് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ ശിശുസംരക്ഷണ ഓഫീസറും ഉറപ്പ്‌ വരുത്തണമെന്നും നിർദേശമുണ്ട്‌. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. റിപ്പോർട്ട് 30 ദിവസത്തിനകം ലഭ്യമാക്കണം. കുട്ടികളെ ഉപയോഗിച്ച് തെറ്റായ തെളിവുകൾ ഉണ്ടാക്കുന്നത് ഗൗരവമുള്ള കുറ്റകൃത്യമാണെന്നും ഉത്തരവിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top