26 April Friday
വനിതാ റിപ്പോർട്ടറെ ചോദ്യം ചെയ്‌തു

പെൺകുട്ടി വേറെയെന്ന്‌ മൊഴി ; ഏഷ്യാനെറ്റ്‌ ന്യൂസ് പ്രതിരോധത്തിൽ

പ്രത്യേക ലേഖകൻUpdated: Wednesday Mar 8, 2023


കണ്ണൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗിച്ച്‌ വ്യാജ വീഡിയോ നിർമിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കണ്ണൂർ റിപ്പോർട്ടർ സാനിയോ മനോമിയെ പൊലീസ്‌ ചോദ്യംചെയ്‌തു. സിറ്റി പൊലീസ്‌ കമീഷണർക്കു ലഭിച്ച പരാതിയിൽ കണ്ണൂർ ഇൻസ്‌പെക്ടർ ബിനുമോഹനും സംഘവുമാണ്‌ ചൊവ്വാഴ്‌ച പകൽ സാനിയോ താമസിക്കുന്ന താണയിലെ വീട്ടിലെത്തി ചോദ്യംചെയ്തത്‌.

കണ്ണൂരിലെ സ്‌കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ അഭിമുഖം ആരാണ്‌ ആദ്യം തയ്യാറാക്കിയത്‌, അതേ അഭിമുഖത്തിലെ ശബ്‌ദമാണോ രണ്ടാമത്തെ അഭിമുഖത്തിൽ, ആദ്യ അഭിമുഖത്തിലെ പെൺകുട്ടിയുടെ ചിത്രമാണോ രണ്ടാമത്തെ വീഡിയോയിൽ തുടങ്ങിയ കാര്യങ്ങളും അന്വേഷകസംഘം ചോദിച്ചു. ആദ്യ അഭിമുഖം എടുത്തത്‌ താനാണെന്ന്‌ സാനിയോ സമ്മതിച്ചു. രണ്ടാമത്തെ അഭിമുഖത്തിലെ ശബ്‌ദം ആദ്യത്തിലേതുതന്നെയാണെന്നും പെൺകുട്ടി വേറെയാണെന്നും മൊഴി നൽകിയതായും അന്വേഷകസംഘം സൂചന നൽകി. ഈ വിവരങ്ങൾ പോക്‌സോ കേസ്‌ അന്വേഷിക്കുന്ന കോഴിക്കോട്‌ വെള്ളയിൽ പൊലീസിനു കൈമാറും. ഇതോടെ ആദ്യ അഭിമുഖത്തിലെ ചില ഭാഗങ്ങൾ എഡിറ്റ്‌ചെയ്‌ത്‌ വ്യാജ അഭിമുഖം സൃഷ്ടിച്ചവർക്ക്‌ കുരുക്ക്‌ മുറുകി.  

ചോദ്യംചെയ്യലിൽനിന്ന്‌ രക്ഷപ്പെടാനായി മാറിനിൽക്കാൻ കണ്ണൂർ ബ്യൂറോയിലെ  ജീവനക്കാർക്ക്‌ ചാനൽ മേധാവികൾ കർശന നിർദേശം നൽകിയിരുന്നു. സാനിയോയെ മൊഴിയെടുക്കാൻ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ചു. തുടർന്നാണ്‌  പൊലീസ്‌ വീട്ടിലേക്ക്‌ പോയത്‌. വ്യാജ വീഡിയോ നിർമിച്ച പ്രതികളിലൊരാളായ നൗഫൽ ബിൻ യൂസഫിനെ കണ്ടെത്താനായില്ല. ബ്യൂറോയിലും വീട്ടിലുമില്ലെന്നാണ്‌ പൊലീസിന്‌ ലഭിച്ച മറുപടി.

റിപ്പോർട്ടർമാരെ സ്ഥലംമാറ്റി
ഏഷ്യാനെറ്റ്‌ ന്യൂസ്‌ കണ്ണൂർ ബ്യൂറോയിലെ രണ്ടു റിപ്പോർട്ടർമാരെയും സ്ഥലംമാറ്റി. നൗഫൽ ബിൻ യൂസഫിനെ കോഴിക്കോട്‌ ബ്യൂറോയിലേക്കും സാനിയോ മനോമിയെ എറണാകുളം ബ്യൂറോയിലേക്കുമാണ്‌ മാറ്റിയത്‌. പ്രതികാര നടപടിയായാണ്‌ സാനിയോയെ മാറ്റിയത്‌. വ്യാജവീഡിയോ നിർമിച്ചത്‌ ചോർത്തിയത്‌ സാനിയോ ആണെന്നാണ്‌ നൗഫലിന്റെ ആരോപണം. നൗഫലിനെ കൂട്ടുപ്രതി കെ ഷാജഹാന്റെ ചുമതലയിലുള്ള കോഴിക്കോട്‌ ബ്യൂറോയിലേക്ക്‌ മാറ്റിയതിനു പിന്നിൽ തെളിവുകൾ നശിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമാണ്‌. അതോടൊപ്പം മാനേജ്‌മെന്റ്‌ സംരക്ഷണം ഉറപ്പാക്കുകയെന്നതും ലക്ഷ്യമാണ്‌.

വ്യാജവീഡിയോ: കൂട്ടിന്‌ ജന്മഭൂമിമാത്രം
വ്യാജവീഡിയോ നിർമാണവുമായി ബന്ധപ്പെട്ട്‌ ഒറ്റപ്പെട്ട ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്‌ ഉറച്ച പിന്തുണയുമായി ബിജെപി മുഖപത്രം ജന്മഭൂമി. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകൾ കൊടുത്തതിലുള്ള വൈരാഗ്യമാണ്‌ ഏഷ്യാനെറ്റിനോടെന്നാണ്‌ ജന്മഭൂമിയുടെ വാദം.

ഏത്‌ സാങ്കേതിക വിദഗ്ധർക്കും ഒറ്റനോട്ടത്തിൽത്തന്നെ വീഡിയോയിലെ കൃത്രിമം മനസ്സിലാക്കാവുന്നതാണെന്നിരിക്കെയാണ്‌ വെള്ളപൂശൽ. കൃത്രിമം ഉണ്ടായിട്ടില്ലെന്ന്‌ ഇതുവരെ ഏഷ്യാനെറ്റും പറഞ്ഞിട്ടില്ല. നിയമസഭയിൽ തിടുക്കപ്പെട്ട്‌ ചോദിച്ചു, മുഖ്യമന്ത്രി മറുപടി പറഞ്ഞതുമാണ്‌ പ്രശ്നം.  എന്നാൽ, വ്യാജവീഡിയോക്ക്‌ ഉപയോഗിച്ച യഥാർഥ റിപ്പോർട്ട്‌ പുറത്തുവന്നിട്ട്‌ മാസങ്ങൾ പിന്നിട്ടിട്ടും അതിനെതിരെ പ്രതിഷേധമോ പരാതിയോ ഉണ്ടായിട്ടില്ലെന്ന വസ്തുത ഏഷ്യാനെറ്റ്‌ ന്യൂസിന്‌ പിന്തുണയുമായി എത്തിയവർ വിസ്മരിക്കുന്നു.

ഉടമസ്ഥർ മാറിയതിനെ തുടർന്നാണ്‌ അടിക്കടി സ്വന്തം നിലപാട്‌ മാറ്റി സംഘപരിവാർ ചാനലായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ മാറിയത്‌. അവാസ്തവങ്ങളും അസത്യങ്ങളും വ്യാജവീഡിയോകൾ വഴി നിർമിച്ചായാലും രാഷ്‌ട്രീയ ശത്രുക്കളെ നിഗ്രഹിക്കുകയെന്ന പരസ്യ നിലപാടിലേക്കെത്തി. ഈ നിലപാട്‌ മാറ്റവും രാഷ്‌ട്രീയ പക്ഷപാതവും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്‌ ജന്മഭൂമിയുടെ പിന്തുണ.

വ്യാജന്മാർക്ക്‌ ശക്തമായ 
പിന്തുണയെന്ന്‌
വ്യാജവീഡിയോ നിർമാണം നടത്തുന്ന ലേഖകർക്ക്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തലപ്പത്തുള്ളവർ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തെന്നും ആക്ഷേപം. കഴിഞ്ഞ ദിവസം ചേർന്ന എഡിറ്റോറിയൽ യോഗത്തിൽ ചാനലിന്റെ മേലാധികാരികൾ തന്നെയാണത്രെ ഈ ഉറപ്പ്‌ നൽകിയത്‌. എന്നാൽ, സിപിഐ എമ്മിനും എൽഡിഎഫ്‌ സർക്കാരിനുമെതിരായ ‘വ്യാജ വാർത്തകൾക്ക്‌ ’ മാത്രമായിരിക്കും പിന്തുണ. എളമരം കരീമിനെ മുഖത്തടിച്ച്‌ ചോരവരുത്തണമെന്ന്‌ പറഞ്ഞ അവതാരകന്‌ പ്രമോഷൻ നൽകിയ മാനേജ്‌മെന്റ്‌ സംഘപരിവാറുകാരുടെ ഭീഷണിക്ക്‌ ചുട്ട മറുപടി കൊടുത്ത ലേഖികയെ തരംതാഴ്‌ത്തിയിരുന്നു. ലഹരി നൽകി പീഡിപ്പിച്ചുവെന്ന വാർത്ത ആദ്യം ചെയ്ത ലേഖികയ്‌ക്കെതിരെയും വ്യാജപ്രചാരണം നടക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി ചില സ്ഥലംമാറ്റങ്ങളും ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top