20 April Saturday

ചാർട്ടേഡ്‌ വിമാനത്തിൽ ഗെലോട്ട്‌ എത്തി ; സന്ദർശനത്തിന്‌ പിന്നിൽ പണസമാഹരണമെന്ന്‌ ആരോപണം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

മത്സരിച്ചാലും അധ്യക്ഷ സ്ഥാനം ഒഴിയില്ല: മുല്ലപ്പള്ളി

അധ്യക്ഷനാക്കണം: കെ സുധാകരൻ


 
നിയമസഭാ തെരഞ്ഞെടുപ്പു ചർച്ചകൾക്കായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം തലസ്ഥാനത്ത് എത്തി. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ചാർട്ടേഡ്‌ വിമാനത്തിൽ എത്തിയതിൽ ദുരൂഹതയുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനുള്ള പണ സമാഹരണമാണ്‌ സന്ദർശനത്തിന്‌ പിന്നിലെന്ന്‌ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

വിമാനത്താവളത്തിന്‌ സമീപമുള്ള നക്ഷത്ര ഹോട്ടലിൽ തങ്ങുന്ന സംഘം വെള്ളിയാഴ്‌ച രാത്രി ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തി. ശനിയാഴ്‌ച കെപിസിസി ആസ്ഥാനത്ത്‌ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ്‌ സമിതിയിലും കെപിസിസി ഭാരവാഹി യോഗത്തിലും പങ്കെടുക്കും.

രാജസ്ഥാൻ മുഖ്യമന്ത്രിയെയും ഗോവയിലെയും കർണാടകയിലെയും കോൺഗ്രസ്‌ നേതാക്കളെയും നിരീക്ഷക സംഘത്തിൽ ഹൈക്കമാൻഡ്‌‌ ഉൾപ്പെടുത്തിയത്‌, പണമില്ലെന്ന കെപിസിസി നേതൃത്വത്തിന്റെ പരാതി കൂടി കണ്ടാണ്. നിരീക്ഷക സംഘം ശനിയാഴ്‌ച രാത്രി മടങ്ങും.

അതേസമയം മത്സരിച്ചാലും കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിന്‌ ശേഷം ഒഴിയാമെന്നാണ്‌ വാദം. മുല്ലപ്പള്ളിയെ മാറ്റി തന്നെ അധ്യക്ഷനാക്കണമെന്നാണ് ഇതിനിടയിൽ കെ സുധാകരൻ പറയുന്നത്.

ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കുന്ന കാര്യത്തിൽ പോലും പാർടി തീരുമാനിച്ചിട്ടില്ലെന്നാണ്‌ മുല്ലപ്പള്ളി വെള്ളിയാഴ്‌ച പറഞ്ഞത്‌. ആരൊക്കെ മത്സരിക്കണമെന്ന്‌ ഹൈക്കമാൻഡ്‌‌ തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പിന്‌ ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു.

അതിനിടെ ചെന്നിത്തലയെ മാറ്റി ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ്‌ സമിതി ചെയർമാനാക്കിയത്‌ തങ്ങളുടെ ഇടപെടൽ മൂലമാണെന്ന സ്ഥിരീകരണവുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top