കൊച്ചി
മോൻസൺ മാവുങ്കൽ പ്രതിയായ, പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ നാലാംപ്രതി മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഏഴാംപ്രതിയാണിവർ. മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു.കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് സുരേന്ദ്രനൊപ്പം വെള്ളി പകൽ 1.15നാണ് ഇവർ ചോദ്യംചെയ്യലിന് ഹാജരായത്. ചോദ്യംചെയ്യൽ വൈകിട്ട് 4.30 വരെ നീണ്ടു. വിശ്വാസവഞ്ചനയ്‌ക്ക് കൂട്ടുനിന്നതിനും ഗൂഢാലോചനയ്‌ക്കുമാണ് ബിന്ദുലേഖയ്‌ക്കെതിരെ കേസെടുത്തത്. കേസിൽ എസ് സുരേന്ദ്രനെയും അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു.
മോൻസന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പലതവണ പണം അയച്ചതിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസണിന്റെ കലൂരിലെ വീട്ടിൽ ബിന്ദുലേഖ പലതവണ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നിരത്തിയായിരുന്നു ചോദ്യംചെയ്യൽ. മോൻസണും ബിന്ദുലേഖയും തമ്മിലുള്ള ഫോൺവിളി രേഖകളും ശേഖരിച്ചിരുന്നു. മോൻസന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ബിന്ദുലേഖ നൃത്തം ചെയ്യുന്ന വീഡിയോയും ക്രൈംബ്രാഞ്ച് ഹാജരാക്കി.
വീട്ടിലെത്തിയവരോട് ഡിഐജിയുടെ ഭാര്യയാണെന്ന് പറഞ്ഞാണ് ബിന്ദുലേഖയെ മോൻസൺ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. ഇതുകേട്ട് പലരും വിശ്വാസത്തോടെ പണം നിക്ഷേപിച്ചെന്നും കണ്ടെത്തിയിരുന്നു.
മോൻസണ് വ്യാജ പുരാവസ്‌തുക്കൾ എത്തിച്ചുനൽകിയ കിളിമാനൂർ സ്വദേശി സന്തോഷിനോട് വെള്ളിയാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ഇയാൾ ആറാംപ്രതിയാണ്. വീണ്ടും നോട്ടീസ് അയക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..