അരൂർ > എരമല്ലൂരിൽ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ വൻ കഞ്ചാവ് വേട്ട. ചേർത്തല - അരൂർ ദേശീയപാതയിൽ എരമല്ലൂർ ഭാഗത്ത് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിൽ ഹൈടെക് ലോറിയിൽ കടത്തിക്കൊണ്ടുവന്ന 125 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ആന്ധ്രയിൽനിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധയിനം മയക്കുമരുന്നുകൾ മറ്റ് ലോഡിന്റെ മറവിൽ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്‌തുവന്നിരുന്ന പ്രധാനകണ്ണികളായ കോഴിക്കോട് ഫാറൂഖ് പേട്ട കളത്തിങ്കൽ വീട്ടിൽ മുഹമ്മദ് ജംഷീർ (30), കോഴിക്കോട് കല്ലായി കട്ടയത്തുപറമ്പിൽ ദേശത്ത് സക്കീന മൻസിലിൽ സുഹൂരിശ് (26) എന്നിവരാണ് പിടിയിലായത്.
ഇവർക്ക് സാമ്പത്തിക സഹായം നൽകി സഹായിച്ച കോഴിക്കോട്, മലപ്പുറം ജില്ലയിലെ ആളുകളെക്കുറിച്ചും ഇവരിൽനിന്ന് കഞ്ചാവ് വാങ്ങി വിതരണംചെയ്യുന്ന പ്രധാനികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനികുമാർ, സിഐ ജി കൃഷ്‌ണകുമാർ, ഇൻസ്‌പെക്‌ടർ എസ് മധുസൂദനൻനായർ, അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ്‌കുമാർ, പ്രിവന്റീവ് ഓഫീസർ പ്രജോഷ്‌കുമാർ തുടങ്ങിയവർ അന്വേഷകസംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..