25 April Thursday
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ശനിയാഴ്ച 
നിരോധനാജ്ഞ

അരിക്കൊമ്പന് അരിവച്ച്‌ കെണി ; ദൗത്യത്തിൽ 
4 കുംകി ആനകൾ , 71 അംഗ ദ്രുതപ്രതികരണ സേന

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

 

ഇടുക്കി
അരിക്കൊമ്പനെ പിടിക്കുന്നതിന്‌ ശനി പുലർച്ചെ നാലിന്‌ ദൗത്യം ആരംഭിക്കും. സൂര്യനെല്ലി ബി എൽ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപറേഷൻ അരിക്കൊമ്പൻ നടപ്പാക്കുക. അരിക്കൊമ്പൻ തകർത്ത കെട്ടിടം തന്നെ തെരഞ്ഞെടുത്ത്‌ ഇഷ്ടഭക്ഷണമായ അരിവച്ച്‌ കെണി ഒരുക്കും. എത്തിയാലുടൻ മയക്കുവെടിവച്ച്‌ പിടികൂടും. ദ്രുത പ്രതികരണ സേനാ തലവൻ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഡോ. നിഷ റെയ്‌ച്ചൽ, ഡോ. ശ്യാം ചന്ദ്രൻ, കോന്നി വെറ്ററിനറി സർജൻ ഡോ. സിബി പുനലൂർ, ഡോ. അരുൺ തേക്കടി, ഡോ. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ്‌ ദൗത്യം. 

മെരുക്കാൻ നാല്‌ കുംകി ആനകളാണ്‌ എത്തുക. മുത്തങ്ങയിൽനിന്ന്‌ കുംകിയാനയായ വിക്രമും പരിപാലകരായ മണി, രഘു, കുമാർ എന്നിവരും തിങ്കളാഴ്‌ചയെത്തി. ബുധനാഴ്‌ച കുഞ്ഞു, സുരേന്ദ്രൻ, സൂര്യ എന്നീ ആനകളെ കോടനാട്ടിൽനിന്ന്‌ കൊണ്ടുവരും. വനം വകുപ്പിന്റെ 11 സംഘങ്ങളിലായി 71 അംഗ ദ്രുതപ്രതികരണ സേനയാണ്‌ ദൗത്യത്തിനുള്ളത്.  ഉച്ചയ്ക്ക് മുമ്പായി ദൗത്യം പൂർത്തീകരിക്കാനാണ് ശ്രമം.പിടികൂടിയാലുടൻ കുംകി യാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ആംബുലൻസുകളും  മെഡിക്കൽ സംഘത്തിന്റെ സേവനവും ഉറപ്പാക്കി.  വെള്ളിയാഴ്ച മോക്‌ഡ്രിൽ സംഘടിപ്പിക്കും. കലക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിൽ മൂന്നാറിൽ അവലോകന യോഗത്തിൽ കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top