29 March Friday

അരിക്കൊമ്പൻ 
മുതുകുഴി വനത്തിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം ക്യാമ്പ് ചെയ്ത് നിരീക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

തിരുനൽവേലിക്കുസമീപം അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ജലാശയതിന്‌ സമീപം മേഞ്ഞുനടക്കുന്നു. (വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ട ദൃശ്യം)


കുമളി>തേനിക്ക് സമീപം ജനവാസമേഖലയിൽനിന്ന്‌ പിടിച്ച അരിക്കൊമ്പനെ കന്യാകുമാരി ജില്ലയിലെ മുതുകുഴി (അപ്പർ കോതയാർ) വനത്തിൽ തുറന്നുവിട്ടു. റേഡിയോ കോളർ ഘടിപ്പിച്ച ആനയെ തുടർന്നും നിരീക്ഷിക്കുമെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

തിങ്കൾ പുലർച്ചെ കമ്പം വനമേഖലയിലെ ഷൺമുഖനദി അണക്കെട്ടിലെ ചിന്ന ഒവളപുരം ഭാഗത്തുനിന്നാണ്‌ ആനയെ പിടിച്ചത്. രാവിലെ ഏഴോടെ കമ്പത്തുനിന്ന്‌ ആനയുമായി പുറപ്പെട്ട തമിഴ്നാടിന്റെ ആംബുലൻസ് വൈകിട്ട് ആറോടെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെത്തി. മണിമുത്താർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് ആനയെ മാഞ്ചോല, നാലുംകുക്ക് വഴി അപ്പർ കോതയാർ അണക്കെട്ടിലെ കൊടുംവനപ്രദേശമായ മുതുകുഴി വയലിലേക്ക് എത്തിച്ചു. ആനയ്ക്ക് രണ്ടുദിവസത്തെ ചികിത്സ നൽകാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മതിയായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ചൊവ്വാഴ്ച പുലർച്ചെ പ്രഥമ ശുശ്രൂഷ നൽകി വനത്തിൽ വിട്ടു. ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉള്ളതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം ക്യാമ്പ് ചെയ്ത് നിരീക്ഷിക്കും.

അരിക്കൊമ്പനെ പിടികൂടാൻ കേരളത്തിന്‌ ചെലവായത്‌ ഒരു കോടിയിലേറെ രൂപ. വനംവകുപ്പിനുമാത്രം 85 ലക്ഷത്തിലധികം രൂപ ചെലവായി. ദൗത്യം വിജയിപ്പിക്കാൻ നേതൃത്വം നൽകിയ ഗതാഗത വകുപ്പ്‌, പൊലീസ്‌, റവന്യു, ഫയർഫോഴ്‌സ്‌, ആരോഗ്യവകുപ്പ്‌, മൃഗസംരക്ഷണ വകുപ്പ്‌ എന്നിവയുടെ ചെലവുകൂടിയാകുമ്പോൾ ഒരുകോടി കവിയും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top