25 April Thursday

റേഡിയോ കോളർ പരിഹാരമല്ല , അരിക്കൊമ്പനെ പിടിക്കണം ; വിദഗ്ധസമിതിയിൽ സർക്കാർ

പ്രത്യേക ലേഖകൻUpdated: Friday Mar 31, 2023


തിരുവനന്തപുരം
അപകടകാരിയായ അരിക്കൊമ്പൻ ആനയെ പിടികൂടി കൂട്ടിൽ അടയ്ക്കലാണ്‌ ജനങ്ങളുടെ ഭീതിയകറ്റാൻ അടിയന്തരമായി ചെയ്യേണ്ടതെന്ന വിലയിരുത്തലിൽ ഉറച്ച്‌ വനംവകുപ്പ്‌. റേഡിയോ കോളർ ഘടിപ്പിക്കലോ ജനങ്ങളെ ഉടൻ മാറ്റിപ്പാർപ്പിക്കലോ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ പരിഹാരമാകില്ല. വ്യാഴാഴ്‌ച നടന്ന ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി യോഗത്തിൽ വനംവകുപ്പ്‌ ഈ നിലപാട്‌ അറിയിച്ചു.

അഞ്ചംഗ വിദഗ്ധസമിതിയിൽ വനംവകുപ്പ്‌ പ്രതിനിധികളായ കോട്ടയം ഹൈറേഞ്ച്‌ സർക്കിൾ സിസിഎഫ്‌ ആർ എസ്‌ അരുൺ, പെരിയാർ ടൈഗർ റിസർവ്‌ സിസിഎഫ്‌ എച്ച്‌ പ്രമോദ്‌ എന്നിവരെ കൂടാതെ വൈൽഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എൻ വി കെ അഷറഫ്‌, ഡോ. പി എസ്‌ ഈസ, അമിക്കസ്‌ ക്യൂറി അഡ്വ. രമേഷ്‌ ബാബു എന്നിവരാണ്‌ ഉള്ളത്‌. റേഡിയോ കോളർ ഫലപ്രദമാണെന്നും വയനാട്ടിലും കെഎഫ്‌ആർഐയും ഇത്‌ പരീക്ഷിച്ചിട്ടുണ്ടെന്നും ഓൺലൈനായി ചേർന്ന യോഗത്തിൽ വാദവുമുണ്ടായി. വിദഗ്ധസമിതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അരിക്കൊമ്പനെ പിടിക്കണ്ട എന്ന തീരുമാനം കോടതി ആവർത്തിച്ചാൽ നിയമവിദഗ്ധരുമായി ആലോചിച്ച്‌ തുടർനടപടികൾ വനംവകുപ്പ്‌  സ്വീകരിക്കും.

അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച്‌ ഉൾവനത്തിൽ വിട്ടാലും പതിവുശീലംവച്ച്‌ നാട്ടിലേക്കുതന്നെ വരാനാണ്‌ സാധ്യത. ചിന്നക്കനാൽ, ശാന്തമ്പാറ നിവാസികൾ ഭയക്കുന്നതും അതുതന്നെയാണ്‌. തിരികെവന്നാൽ വീണ്ടും ജനങ്ങൾക്കുനേരെ ആക്രമണമുണ്ടാകാം. ആന എവിടെ നിൽക്കുന്നുവെന്ന്‌ അറിയാം എന്നതുമാത്രമാണ്‌ റേഡിയോ കോളർകൊണ്ടുള്ള പ്രയോജനം. പെട്ടെന്നുള്ള വരവും ആക്രമണവും തടയാനാകില്ല.  കാട്ടിൽനിന്ന്‌ മടങ്ങിവന്ന്‌ ആക്രമണം നടത്തുമ്പോൾ പിടിക്കാൻ കോടതി ഉത്തരവിട്ടാലും തുടർച്ചയായി മയക്കുവെടിവയ്ക്കുന്നത്‌ ആനയുടെ ജീവൻ  അപകടത്തിലാക്കാം. മയക്കുവെടിക്ക്‌ ആറുമാസത്തെ ഇടവേളയെങ്കിലും വേണമെന്ന്‌ വെറ്ററിനറി വിദഗ്ധർ പറയുന്നു.

തമിഴ്‌നാട്‌ വനംവകുപ്പ്‌ റേഡിയോ കോളർ ഘടിപ്പിച്ച്‌ ഉൾക്കാട്ടിൽവിട്ട ടിഎം ത്രീ യാണ്‌ വയനാട്ടിൽ ഇറങ്ങി ആളെ കൊന്നതും അക്രമപരമ്പരകൾ തീർത്തതും. ഇതിനെ പിന്നീട്‌ പിടികൂടി കൂട്ടിൽ അടയ്‌ക്കേണ്ടിവന്നതും ഉദാഹരണമായി വനംവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top