25 April Thursday

വധശ്രമക്കഥയും പഴയ ആരോപണങ്ങളുമായി ഗവർണറുടെ പത്രസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

തിരുവനന്തപുരം>കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിൽ വിഖ്യാത ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബ്‌ തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ആവർത്തിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പത്രസമ്മേളനം.  ഇര്‍ഫാന്‍ ഹബീബിന്റേത്‌  ഗുണ്ടായിസമാണെന്നും.മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ച് താൻ പറഞ്ഞപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് പറയണമെന്നു ഇർഫാൻ ഹബീബ് ആക്രോശിച്ചുവെന്നും ഗവർണർ പറഞ്ഞു.

തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണ്‌. പൊലീസിന് മുന്നില്‍ നടന്ന സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും  ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിെൻറ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ്,

തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പൊലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഈ വ്യക്തി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാന്‍ വന്നപ്പോള്‍ സ്റ്റേജില്‍ തന്റെ കൂടെ ഇരുന്ന കെ കെ രാഗേഷ് അവിടെ നിന്ന് പൊലീസിന് മുന്നിലെത്തി അവരെ തടഞ്ഞു- ഗവര്‍ണര്‍ പറഞ്ഞു. ആളുകളെ ശാന്തരാക്കാൻ രാഗേഷ്‌ ശ്രമിക്കുന്നതല്ലേ കാണുന്നത്‌ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ അത്‌ പൊലീസാണ്‌ ചെയ്യേണ്ടതെന്നായിരുന്നു ഗവർണറുടെ മറുപടി.

ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിനെ തൃശൂര്‍ അവിണിശേരിയിലെ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ടി വി മണികണ്ഠന്റെ വീട്ടിലെത്തി കണ്ട് ചര്‍ച്ച നടത്തിയതിനെയും ഗവര്‍ണര്‍ ന്യായീകരിച്ചു. ആര്‍എസ്എസ് മേധാവിയെ കണ്ടത് വ്യക്തിപരമായ കാര്യമാണെന്നും ഔദ്യോഗികമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആര്‍എസ്എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്നമെന്ന് ഗവര്‍ണര്‍ ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ രാഷ്ട്രപതിയോടാണ് പരാതി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളും ഗവര്‍ണര്‍ വിതരണം ചെയ്‌തു. കണ്ണൂര്‍ വൈസ് ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടു സമ്മർദം ചെലുത്തിയെന്നും തന്റെ നാട്ടുകാരനാണെന്ന് തന്നോടു നേരിട്ട് പറഞ്ഞെന്നും ഗവർണർ അവകാശപ്പെട്ടു. താന്‍ ആവശ്യപ്പെടാതെയാണ് സര്‍ക്കാര്‍ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്‌ഭവനു നല്‍കിയത്. ഇത് സമ്മര്‍ദ തന്ത്രമായിരുന്നു– ഗവർണർ ആരോപിച്ചു.

തനിക്കെതിരെയുള്ള പ്രതിഷേധം പെട്ടെന്ന് ഉണ്ടായതല്ല. ആസൂത്രിതമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തനിക്കെതിരെയുള്ള പ്ലക്കാര്‍ഡുകള്‍ സദസ്സില്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രി നേരിട്ടു സമ്മര്‍ദം ചെലുത്തിയെന്നും തന്റെ നാട്ടുകാരനാണെന്ന് തന്നോടു നേരിട്ട് പറഞ്ഞെന്നും ഗവര്‍ണര്‍ ആരോപിച്ചു.

എല്‍ഡിഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിമാനത്തില്‍ യാത്രാവിലക്ക് നേരിട്ടയാളാണ്. ഭരണഘടനയെ വിമര്‍ശിക്കുന്ന മന്ത്രി നമുക്കുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന എംഎല്‍എയുമുണ്ട് തുടങ്ങിയ പരാമർശങ്ങളും ഗവർണറിൽ നിന്നുണ്ടായി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top