08 December Thursday

ഗവർണറുടേത്‌ വിലകുറഞ്ഞ പ്രതികരണങ്ങൾ ; അധികാരം ഉറപ്പിക്കാൻ 
ന്യൂനപക്ഷ വിരുദ്ധതയും ആയുധം

സ്വന്തം ലേഖകൻUpdated: Sunday Sep 18, 2022


തിരുവനന്തപുരം
ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ദിവസവും മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട്‌ അവതരിപ്പിക്കുന്നത്‌ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ. ഓരോ തവണയും മുമ്പുപറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നു. ഉന്നയിക്കുന്ന വിഷയങ്ങൾക്ക്‌ വ്യക്തതയോ തെളിവോ നൽകാൻ അദ്ദേഹത്തിനാകുന്നില്ല. വാക്കിനുറപ്പില്ലാത്ത ഗവർണറുടെ പ്രതികരണങ്ങളിൽ സമൂഹമാധ്യമങ്ങളിലടക്കം വിർമശമുയരുന്നുണ്ട്‌.

ഞായറാഴ്‌ചയും കൊച്ചിയിൽ മാധ്യമങ്ങളോട്‌ മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവ‍ർത്തിക്കാനാണ്‌ ​ഗവർണർ ശ്രമിച്ചത്‌. മൂന്നുവർഷംമുമ്പ്‌ കണ്ണൂ‍ർ സർവകലാശാലയിൽനടന്ന സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്നായിരുന്നു ആക്ഷേപം. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്നായി ഭീഷണി. ഗവർണർ പോലും സുരക്ഷിതനല്ലെന്ന ആരിഫ് മൊഹമ്മദ്‌ ഖാന്റെ പ്രസ്‌താവനയ്‌ക്കുപിന്നിലെ രാഷ്‌‌ട്രീയ അജൻഡ വ്യക്തം. വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്നും പറഞ്ഞു. കേരളത്തിൽ ഇടപെടാൻ മറ്റെല്ലാ മാർഗങ്ങളും അടഞ്ഞ കേന്ദ്രസർക്കാരിനായി ആയുധം തയ്യാറാക്കുകയാണ്‌ ഗവർണർ. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ആളാണ്‌ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന ഭീഷണി മുഴക്കുന്നത്‌.

എല്ലാ കാര്യങ്ങളും രാജ്‌ഭവൻ തീരുമാനിക്കുമെന്ന നിലപാടാണ്‌ ഗവർണർക്ക്‌.  ഭരണസംവിധാനത്തിൽ തെറ്റായ കീഴ്‌വഴക്കങ്ങളോ നടപടികളോ ഉണ്ടായാൽ ഇടപെടാനും തിരുത്താനും ജനകീയ സംവിധാനങ്ങളും കോടതികളുമുണ്ട്‌. ഇതിനെല്ലാമപ്പുറം തനിക്ക്‌ സവിശേഷമായ അധികാരങ്ങളുണ്ടെന്ന നാട്യത്തിലാണ്‌ ഗവർണർ.

അധികാരം ഉറപ്പിക്കാൻ 
ന്യൂനപക്ഷ  വിരുദ്ധതയും ആയുധം
അധികാരക്കസേര ഉറപ്പിക്കാൻ ആരുമായും കൂട്ടുകൂടാൻ മടിയില്ലാത്ത ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ ആദർശവാദങ്ങൾ മുഴുവൻ പൊള്ളത്തരമാണെന്ന് അദ്ദേഹത്തിന്റെ രാഷ്‌ട്രീയചരിത്രത്തിൽ വ്യക്തം. അവസരവാദത്തിന്റെ അപ്പോസ്‌തലനായ അദ്ദേഹം അധികാരം ഉറപ്പിക്കാനായി കടുത്ത ആർഎസ്‌എസ്‌ ആരാധകനാണെന്ന്‌ സ്വയംപ്രഖ്യാപിച്ചു. മോദി അടക്കമുള്ള ആർഎസ്‌എസ്‌–-ബിജെപി നേതൃത്വത്തെ തൃപ്‌തിപ്പെടുത്താൻ ന്യൂനപക്ഷ ജനവിഭാഗങ്ങളെ തള്ളിപ്പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലും മുത്തലാഖ്‌ വിഷയത്തിലും ന്യൂനപക്ഷ വിരുദ്ധത പരസ്യപ്പെടുത്തി.

മോദി നൽകിയ ഗവർണർ പദവിക്ക്‌ പ്രത്യുപകാരമായാണ്‌ മുത്തലാഖ്‌ വിഷയത്തിൽ ഒപ്പം കൂടിയത്‌. മുത്ത‌ലാഖ്‌ നിയമ നിർമാണത്തിന്‌ പ്രധാനമന്ത്രി എടുത്തുകാട്ടിയത്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ അനുകൂല കത്തായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ കേരളത്തിന്റെ  പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന്‌ പരസ്യമായി ആക്ഷേപിക്കാൻ ആരിഫ് മൊഹമ്മദ് ഖാന്‌ മനഃസാക്ഷിക്കുത്തുണ്ടായില്ല. തനിക്ക് ആർഎസ്‌എസുമായി വർഷങ്ങളായി അടുത്തബന്ധമുണ്ടെന്ന് ആർഎസ്‌എസ്‌ അനുകൂല ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. 

കണ്ണൂർ സർവകലാശാലയിൽ മൂന്നുവർഷംമുമ്പ്‌ സംഘടിപ്പിച്ച ചരിത്ര കോൺഗ്രസിലും ഗവർണറുടെ ന്യൂനപക്ഷ വിരുദ്ധത പുറത്തുചാടി. ആർഎസ്‌എസിന്റെയും സംഘപരിവാറിന്റെയും ന്യൂനപക്ഷ വേട്ടയെ ന്യായീകരിച്ചു. ഇതിനെതിരായ പ്രതിഷേധത്തെ തനിക്കെതിരായ വധശ്രമമാക്കിയാണിപ്പോൾ ചിത്രീകരിക്കുന്നത്. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ തെരുവുഗുണ്ടയെന്ന്‌ ആക്ഷേപിച്ചു. അബുൽ കലാം ആസാദിനെ തെറ്റായി അവതരിപ്പിച്ചത് ചോദ്യം ചെയ്‌തതാണ്‌ അന്നത്തെ പ്രകോപനത്തിന്‌ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top