19 March Tuesday

നിരവധി മേഖലയില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു: ആരിഫ് മുഹമ്മദ് ഖാന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023


തിരുവനന്തപുരം
വികസനകാര്യത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ്‌ നടത്തുന്നതെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. അതിന്‌ തന്റെ പിന്തുണയുണ്ട്‌. ‘ ഈ സർക്കാർ എന്റേതുകൂടിയാണ്‌’. ഏറ്റുമുട്ടാൻ പ്രതിപക്ഷ നേതാവ് അല്ല താനെന്നും ഗവർണർ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സർക്കാരിനെ മോശമായി കാണിക്കാൻ ആഗ്രഹമില്ല. ഇത് എന്റെ സർക്കാരാണ്. സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ഗവർണർ.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള നിയമ ഭേദഗതി ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുമെന്നും ഗവർണർ ആവർത്തിച്ചു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്‌. ഈ വിഷയത്തിൽ ഉപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടൻ രാഷ്ട്രപതിയെ അറിയിക്കും. ഈ പ്രശ്നം അവസാനിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക സുരക്ഷയിൽ
കേരളം മാതൃക
സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്‌ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, പരിസ്ഥിതി, ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധപതിപ്പിച്ച്‌ നവകേരളമെന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ  പ്രവർത്തനം. ലൈഫ്‌ മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ 3.2 ലക്ഷം വീടുകൾ നിർമിച്ച്‌ നൽകി.  സ്റ്റാർട്ടപ് മിഷനുകളുടെ വളർച്ചയിൽ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കി. നിതി ആയോഗിന്റെ റിപ്പോർട്ടനുസരിച്ച്‌ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷൻ ആരോഗ്യരംഗത്തെ മാറ്റിമറിച്ചു. മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസുകൾ മുഖേന സംസ്ഥാനത്ത്‌ 7517 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 2.67 ലക്ഷം തൊഴിൽ നൽകി. കേന്ദ്രം പുറത്തിറക്കിയ പെർഫോമൻസ്‌ ഗ്രേഡിങ്‌ ഇൻഡക്സിൽ കേരളം ഏറ്റവും മുന്നിലെത്തി. മറ്റ്‌ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിദ്യാർഥികളുടെ പോക്ക്‌ ഒഴിവാക്കാൻ കഠിന ശ്രമത്തിലൂടെ കേരളത്തിനാകുമെന്നും ഗവർണർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top