കൊല്ലം > ഞങ്ങളുടെ കാലശേഷം ഈ കുഞ്ഞിനെ ആരു നോക്കും. ഭിന്നശേഷിക്കാരായ കുട്ടികളുള്ളവരുടെ എക്കാലത്തെയും ആധിയാണിത്. ഇതിന് പരിഹാരവുമായി മാതൃകാപരമായ ഇടപെടലുമായി കൊല്ലം ജില്ലാ പഞ്ചായത്ത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് ആർദ്രതീരം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച മക്കളെയും അവരുടെ രക്ഷിതാക്കളെയും ഒരുമിച്ച് എല്ലാ സൗകര്യങ്ങളോടെയും വില്ലകളിൽ ആജീവനാന്തം പാർപ്പിക്കും. ജില്ലാ പഞ്ചായത്തും ഗുണഭോക്താക്കളും ചേർന്നാണ് സാമ്പത്തികച്ചെലവ് വഹിക്കുന്നത്. രക്ഷിതാക്കൾ മരിച്ചാലും കുട്ടിയെ ആജീവനാന്തം ഇവിടെ പരിചരിക്കും. മികച്ച പരിശീലനം നേടിയവരുടെ സേവനമുണ്ടാകും. കുട്ടി മരിച്ചാൽ രക്ഷിതാക്കളെയും കൈവിടില്ല. സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ രാജ്യത്തെ ആദ്യ സംരംഭമാണിത്.
സകുടുംബം
വില്ലകളിൽ
ബന്ധുക്കളോ സഹായികളോ ഭാവിയിൽ സംരക്ഷകരായി ലഭിക്കാൻ സാധ്യതയില്ലാത്തവരെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ 20 വയസ്സ് കഴിഞ്ഞ ഓട്ടിസം ബാധിതരുള്ള 100 കുടുംബത്തെ പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്തേക്കർ സ്ഥലം പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് കണ്ടെത്തും. ആ സ്ഥലം വാങ്ങി ജില്ലാ പഞ്ചായത്തിന് കൈമാറുന്നതിന് ഓട്ടിസം ബാധിതരുടെ രക്ഷിതാക്കളുടെ കൂട്ടായ്മ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ഓരോ കുടുംബത്തിനും വില്ല നിർമിച്ച് നൽകും. ഈ വില്ലകളിൽ രക്ഷിതാക്കൾക്കൊപ്പം തന്നെ കുട്ടികൾക്കും താമസിക്കാം. വില്ലകളിൽ ഇവർക്കുള്ള താമസാവകാശം ആജീവനാന്തമാണ്. ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തിൽ നിക്ഷിപ്‌തമായിരിക്കും.
രക്ഷിതാക്കൾക്ക് ഇഷ്ടാനുസൃതമായി വിവിധയിനം തൊഴിലുകളിൽ ഏർപ്പെടുന്നതിനും കുട്ടികൾക്ക് സാധ്യമായ രീതിയിലുള്ള തൊഴിൽ, കലാ-കായിക പരിശീലനത്തിനുള്ള അവസരവും ഏർപ്പെടുത്തും. ആരോഗ്യ പരിചരണം, വിനോദം, തെറാപ്പി, ഫാർമസി മറ്റ് അനുബന്ധ സൗകര്യങ്ങളും ഈ സ്ഥലത്ത് നടപ്പാക്കും. ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ഹോമിയോ, സിദ്ധ എന്നിങ്ങനെ നാലുതരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങളുടെ പിന്തുണ നൽകും. സ്ഥിരമായി ഡോക്ടറുടെ സേവനവും വാഹനസൗകര്യവും ഉണ്ടാകും. ജില്ലാ പഞ്ചായത്തിന്റെ വിജയകരമായി നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ മാതൃകയിൽ സൊസൈറ്റി രൂപീകരിക്കും.
സുമനസ്സുകളുടെ സഹകരണവും തേടും. വിവിധ വാർഷിക പദ്ധതികളിലൂടെയും പ്രയോജനം എത്തിക്കും. ആർദ്രതീരം പ്രോജക്ടിനായി വിഷയവിദഗ്‌ധ സ്ഥാപനത്തിന്റെ സഹകരണത്തോടെ മാസ്റ്റർപ്ലാൻ തയ്യാറാക്കും. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കും. പദ്ധതി ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന രീതിയിൽ നടപ്പാക്കുന്നതിന് യോജ്യമായ സ്ഥാപനത്തെ ലിമിറ്റഡ് ടെൻഡറിന്റെ അടിസ്ഥാനത്തിലോ സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുകളുടെ അടിസ്ഥാനത്തിലോ തെരഞ്ഞെടുക്കും.
രക്ഷിതാക്കൾക്ക്
അപേക്ഷിക്കാം
ആർദ്രതീരം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. 20നു മുകളിൽ പ്രായമുള്ള ഓട്ടിസം ബാധിച്ച മക്കളുള്ള രക്ഷാകർത്താക്കൾക്ക് അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിൽ നേരിട്ടോ ഇ- മെയിൽ (dpklam@gmail.com) വഴിയോ ഫോണിലോ ബന്ധപ്പെട്ടോ അപേക്ഷിക്കാം. ജില്ലയിലുള്ളവർക്കു മുൻഗണന. ഫോൺ: 9447966899, 9947324655.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..