29 March Friday

കരുതലായി ആർദ്രം ; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം 
കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കൊച്ചി
സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്‌ ലക്ഷ്യമിട്ടുള്ള ആർദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.  ഇതുവരെ 31 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇവയുടെ പ്രവർത്തനം വൈകിട്ട്‌ ആറുവരെയാക്കി. 46  പിഎച്ച്‌സികൾകൂടി ഉടൻ കുടുംബാരോഗ്യ കേന്ദ്രങ്ങളായി  മാറും.
 ആദ്യഘട്ടത്തിൽ 14, രണ്ടാം ഘട്ടത്തിൽ 40, മൂന്നാം ഘട്ടത്തിൽ 23 പിഎച്ച്‌സികൾ വീതം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനായിരുന്നു തീരുമാനം.

ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചവ  സൗകര്യങ്ങൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനസമയം വൈകിട്ട്‌ ആറുവരെ ആക്കുന്നതിനുപുറമെ രോഗീസൗഹൃദമായ അന്തരീക്ഷമൊരുക്കി. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചു. ജീവിതശൈലി രോഗക്ലിനിക്കുകൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക്‌‌ ശ്വാസ്‌ ക്ലിനിക്‌, മാനസികാരോഗ്യപരിചരണത്തിനായി ആശ്വാസ്‌ ക്ലിനിക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടുതലായി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സജ്ജമാക്കി.

കോടനാട്‌, കുട്ടമ്പുഴ, ചേരാനല്ലൂർ, മഴുവന്നൂർ, എരൂർ, വാഴക്കുളം, പായിപ്ര, ചൊവ്വര, മഞ്ഞപ്ര, തിരുമാറാടി, കരുമാലൂർ, ഗോതുരുത്ത്‌, നായരമ്പലം, ചെല്ലാനം എന്നിവയാണ്‌ ഒന്നാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്‌. 1.97 കോടിയിലധികം രൂപയാണ്‌ ഇതിനായി  ചെലവഴിച്ചത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തി.
രണ്ടാംഘട്ടത്തിൽ നേര്യമംഗലം, ചിറ്റാറ്റുകര, കൂനമ്മാവ്‌, മുളവുകാട്‌, കാക്കനാട്‌, കീഴ്മാട്‌, രായമംഗലം, കടവൂർ, തുറവൂർ, ബിനാനിപുരം, തിരുവാണിയൂർ, മുനമ്പം, ആലങ്ങാട്‌, അയ്യമ്പുഴ, കോട്ടപ്പടി എന്നിവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചതിൽ ഇലഞ്ഞി, മണീട്‌ എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന 25 ആരോഗ്യകേന്ദ്രങ്ങളുടെയും മൂന്നാംഘട്ടത്തിലെ 21 കേന്ദ്രങ്ങളുടെയും ജോലികൾ നടന്നുവരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top