20 April Saturday

അപ്‌നാഘർ സംസ്ഥാനവ്യാപകമായി നടപ്പാക്കും: മന്ത്രി ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

തിരുവനന്തപുരം > ഇതര സംസ്ഥാനത്തൊഴിലാളികൾക്കായി താമസ സൗകര്യം ഉറപ്പാക്കുന്ന അപ്‌നാഘർ പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനത്തൊഴിലാളികൾക്കായി "ഗസ്റ്റ് വർക്കേഴ്‌സ് ഫ്രണ്ട്‌ലി റസിഡൻസ് ഇൻ കേരള' (ആലയ്) എന്ന പേരിൽ ആരംഭിച്ച പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏകദേശം നാലു ലക്ഷത്തോളം അതിഥിത്തൊഴിലാളികളെയാണ് ഇത്തരത്തിൽ കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ ചേർത്തുപിടിച്ചത്‌. ഇവർക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനാണ് സ്വകാര്യ കെട്ടിട ഉടമകളുടെ സഹകരണത്തോടെ ലേബർ കമീഷണറേറ്റിന്റെ വെബ് പോർട്ടൽ വഴി താമസ സൗകര്യം ലഭ്യമാക്കാനുള്ള ആലയ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ, ലേബർ കമീഷണർ പ്രണബ്‌ജ്യോതി നാഥ്, അഡീഷണൽ ലേബർ കമീഷണർമാരായ രഞ്ജിത് മനോഹർ, കെ ശ്രീലാൽ എന്നിവരും പങ്കെടുത്തു.

ഓൺലൈനിൽ കെട്ടിടം കണ്ടെത്താം

5 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഫ്‌ളോർ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ശൗചാലയവുമുൾപ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് ആലയ്‌ പദ്ധതിയുടെ ഉദ്ദേശ്യം. ലേബർ കമീഷണറേറ്റിന്റെ www.lc.kerala.gov.in എന്ന സോഫ്റ്റ് വെയർ പോർട്ടൽ മുഖേന സംസ്ഥാനത്തെ കെട്ടിട ഉടമകൾക്ക് അവരുടെ കെട്ടിട വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്താം. അതിഥിത്തൊഴിലാളികൾക്ക് ഈ പോർട്ടലിൽനിന്ന്‌ തങ്ങൾക്ക് അനുയോജ്യമായ കെട്ടിടങ്ങൾ തെരഞ്ഞെടുക്കാം.

പദ്ധതി നടത്തിപ്പിനും മോണിറ്ററിങ്ങിനുമായും ആർഡിഒ/ സബ് കലക്ടർ ചെയർമാനായും ജില്ലാ ലേബർ ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളുമായും ത്രിതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പോർട്ടൽ മുഖാന്തരം നിലവിൽ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 370 ഓളം കെട്ടിടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതി പൂർണമായും ഓൺലൈനിലാണ്‌. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാൾ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിൽ നടപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top