26 April Friday

മേപ്പാടി പോളിയിൽ അപർണയെ ആക്രമിച്ച സംഭവം; മയക്കുമരുന്ന്‌ ഉപയോഗിച്ച നാല്‌ വിദ്യാർഥികളെ പുറത്താക്കും

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022

കൽപ്പറ്റ > മയക്കുമരുന്നുപയോഗിച്ച നാലു‌ വിദ്യാർഥികളെ മേപ്പാടി ഗവ. പോളിടെക്ക്‌നിക്ക്‌ കോളേജിൽനിന്ന്‌ പുറത്താക്കും. മൂന്നാം വർഷ വിദ്യാർഥികളായ കെ ടി അതുൽ‌, കിരൺ രാജ്‌, അലൻ ആന്റണി, മുഹമ്മദ്‌ ഷിബിലി എന്നിവരെയാണ്‌ കോളേജിൽനിന്ന്‌ പുറത്താക്കുക. ഇവർഎംഎഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ കോളേജ്‌ അധികൃതർ വൈത്തിരി തഹസിൽദാരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ അറിയിച്ചു.

നേരത്തേ ചേർന്ന പിടിഎ എക്‌സിക്യുട്ടീവ്‌ യോഗത്തിലാണ്‌ നാല്‌ വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചത്‌. അലൻ ആന്റണി, മുഹമ്മദ്‌ ഷിബിലി, കിരൺരാജ്‌ എന്നിവർ എസ്‌ഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ കൊളേജ്‌ പരിസരത്തുവച്ച്‌ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്‌. നേരത്തേ മേപ്പാടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ഇവർ ജില്ലാ ജയിലിൽ റിമാൻഡിലാണ്‌. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെ നിയമനടപടി തുടരും.  അക്രമത്തിനുശേഷം അടച്ചിട്ട കോളേജജ്‌ 12ന്‌ തുറക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു.

അതേസമയം കഴിഞ്ഞ രണ്ടിന്‌ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച്‌ കോളേജ്‌ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്‌. അധ്യാപകരുരെ സമിതിയാണ്‌ അന്വേഷിക്കുന്നത്‌. ഈ അന്വേഷണ റിപ്പോർട്ട്‌ വ്യാഴം പ്രിൻസിപ്പലിന്‌ കൈമാറും. അക്രമത്തിൽ പങ്കെടുത്തിട്ടുള്ളവർക്കെതിരെ അച്ചടക്ക നടപടി സംബന്ധിച്ച്‌ ഈ റിപ്പോർട്ടിനുശേമാണ്‌ തീരുമാനിക്കുക. കോളേജിലെ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ വ്യാഴം പിടിഎ ജനറൽബോഡി വിളിച്ചിട്ടുണ്ട്‌.

ലഹരി വിരുദ്ധ ബോധവ്തക്കരണത്തിനായി പൊലീസ്, എക്‌സൈസ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ബോധവ്ത്ക്കരണ ക്ലാസുകള്‍ നടത്താനും സർവകക്ഷി യോഗം തീരുമാനിച്ചു. തഹസില്‍ദാര്‍ എം എസ് ശിവദാസൻ, മേപ്പാടി  പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, പ്രിന്‍സിപ്പാള്‍ സി സ്വര്‍ണ, എച്ച്ഒഡി ജോണ്‍സണ്‍ ജോസഫ്, ഡിവൈഎസ്‌പി കെ കെ അബ്‌ദുള്‍ ഷെരീഫ്, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാർഥി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top