19 March Tuesday

മുൻകൂർ ജാമ്യം : വിദേശത്തിരുന്ന് നൽകുന്ന ഹർജി: 
ഹൈക്കോടതിയിൽ ‘നിയമപ്രശ്‌നം’

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


കൊച്ചി
വിദേശത്തിരുന്ന് പ്രതികൾ ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യഹർജി പരിഗണിക്കാമോ എന്നതിൽ നിയമവശം പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. വിഷയത്തിൽ രണ്ട് ബെഞ്ചുകളുടേതായി വ്യത്യസ്‌ത ഉത്തരവുകളുള്ള സാഹചര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടാൻ ചീഫ് ജസ്റ്റിസിനയച്ചു. പീഡനക്കേസിലെ പ്രതി വിജയ് ബാബുവിന്റെ ഹർജി ഫയലിൽ സ്വീകരിക്കുകയും അറസ്റ്റ് വിലക്കുകയും ചെയ്ത ജസ്റ്റിസ് ബച്ചു കുരിയൻ തോമസിന്റെ ഉത്തരവിനോട് വിയോജിച്ചാണ് നടപടി.

പോക്സോ കേസിലെ പ്രതി കുവൈത്തിൽ താമസിക്കുന്ന അധ്യാപിക തിരുവല്ല തെള്ളിയൂർ സ്വദേശി അനു മാത്യുവിന്റെ ഹർജി പരിഗണിക്കവെ വ്യത്യസ്ത ഉത്തരവുണ്ടെന്ന് ഹർജിഭാഗം ചൂണ്ടിക്കാട്ടുകയായിരുന്നു. വിദേശത്തിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന്  കോടതി ചൂണ്ടിക്കാട്ടി. സിആർ പി സി 438 പ്രകാരം വിദേശത്തുനിന്ന് ഫയൽ ചെയ്യുന്ന ഹർജി തള്ളേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഷാഫി എന്നയാൾ സൗദി അറേബ്യയിൽനിന്ന് ഫയൽ ചെയ്ത ഹർജി നിലനിൽക്കില്ലെന്നുപറഞ്ഞ്‌ മുമ്പ്‌ തള്ളിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശത്തുനിന്ന് മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്നതിന് തടസ്സമില്ലെന്നും ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ പ്രതി നാട്ടിലുണ്ടായാൽ മതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ കേസിലെ ഉത്തരവ്.

വിദേശത്തുനിന്ന് ഫയൽ ചെയ്യുന്ന ഹർജി പരിഗണിക്കാമോ, അറസ്റ്റ് വിലക്കാമോ എന്നീ കാര്യങ്ങൾ പരിശോധിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അനു മാത്യു നാട്ടിലെത്തിയത് കണക്കിലെടുത്ത് അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ ബോണ്ടിൽ വിട്ടയക്കാനും കോടതി നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top