17 December Wednesday

വിപണനം ചെയ്യുന്ന മരുന്നിൽ 
20% ആന്റിബയോട്ടിക്‌

അശ്വതി ജയശ്രീUpdated: Monday Sep 25, 2023

തിരുവനന്തപുരം
സംസ്ഥാനത്ത്‌ വിപണനം ചെയ്യുന്ന മരുന്നുകളിൽ 20 ശതമാനം ആന്റിബയോട്ടിക്കുകൾ. വിപണിയിൽനിന്ന്‌ സംസ്ഥാന സർക്കാർ ശേഖരിച്ച കണക്കാണിത് വ്യക്തമാക്കുന്നത്‌. 20 ശതമാനം വരുന്ന ആന്റിബയോട്ടിക്‌ മരുന്നുകളിൽ 12 ശതമാനവും കുത്തിവയ്‌പ്പിനുള്ളതാണ്‌. എട്ടുശതമാനം ഓറൽ ആന്റിബയോട്ടിക്കുകളുമാണ്‌. വിപണനം ചെയ്യുന്നതിൽ 60 ശതമാനം ആന്റിബയോട്ടിക്കുകളും മുതിർന്നവർക്കുള്ളതും 40 ശതമാനം ശിശുരോഗങ്ങൾക്കുള്ളതുമാണ്‌. ആന്റിബയോട്ടിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശക്തി വർധിച്ചതായാണ്‌ കോവിഡിനുമുമ്പും പിമ്പും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

ഇതിന്റെയടിസ്ഥാനത്തിൽ രാജ്യത്ത്‌ ആദ്യമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾ സ്ഥാപിച്ചത്‌ കേരളമാണ്‌.
കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്‌ സ്‌ട്രാറ്റജിക്‌ ആക്‌ഷൻ പ്ലാനിന്റെ റിപ്പോർട്ട്‌ അനുസരിച്ച്‌ ഇഎസ്‌ബിഎൽ അസിനെക്‌ടോബാക്ടർ, ഇ കോളി,  ക്ലബ്‌സ്‌ലെല്ല, സെഡൊമോണാസ്‌ തുടങ്ങിയ രോഗാണുക്കളുടെ ആന്റിബയോട്ടിക്‌ പ്രതിരോധം 33.4 , 53.1, 27.4, 26.54 ശതമാനം എന്നിങ്ങനെയായിരുന്നത്‌ 2019ൽ  67, 62, 63, 28 ശതമാനം ആയി വർധിച്ചു. ഡോക്ടർമാരുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന മലയാളികളുടെ ശീലമാണ്‌ ഇതിനുപിന്നിൽ. ആന്റിബയോട്ടിക്‌ അമിത ഉപയോഗം തടയാൻ ബീറ്റ ലാക്‌റ്റം, ഫ്ലൂറോക്വിനോലെസ്‌ വിഭാഗങ്ങളിൽപ്പെട്ട ആന്റിബയോട്ടിക്കുകളെ ഷെഡ്യൂൾ എച്ച്‌1 പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഈ മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാനും നിർദേശമുണ്ട്.

2023ൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിറ്റ 204 സ്ഥാപനങ്ങൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്‌ നൽകുകയും 47 സ്ഥാപനങ്ങളുടെ ചില്ലറ ഔഷധ വ്യാപാര ലൈസൻസ്‌ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top