18 April Thursday
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ലഹരി ഉപയോഗം: പണിയര്‍ക്കിടയില്‍ ആയുര്‍ദൈര്‍ഘ്യം കുറയുന്നു

എം ജഷീനUpdated: Saturday Jun 26, 2021

കോഴിക്കോട് > അമിത മദ്യപാനവും പുകയില ഉപയോഗവുംമൂലം അസുഖങ്ങള്‍ വന്ന്  പണിയ വിഭാഗങ്ങള്‍ക്കിടയില്‍ ആയുര്‍ദൈര്‍ഘ്യം കുറയുന്നു. ലഹരി ഉപയോഗം കൂടുതലുള്ള ചില കോളനികളില്‍  60 കഴിഞ്ഞ ആളുകളുടെ എണ്ണം വളരെ കുറവാണ്. കരള്‍ സംബന്ധ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ ബാധിച്ചാണ് ഏറെ മരണവും.    

ഏറ്റവും കൂടുതലുള്ളതും പിന്നോക്കം നില്‍ക്കുന്നതുമായ ആദിവാസി വിഭാഗമായ പണിയരിലാണ് ലഹരി ഉപയോഗം കൂടുതല്‍. അകാലത്തില്‍   മരിക്കുന്നതില്‍ മുന്നില്‍ പുരുഷന്മാരാണ്. കോഴിക്കോട്  തിരുവമ്പാടി മേലെ പൊന്നങ്കയം കോളനിയില്‍ 35 കുടുംബങ്ങളിലായി 128 പേരുള്ളതില്‍ 60 വയസിന് മുകളില്‍ രണ്ടു സ്ത്രീകള്‍ മാത്രമാണുള്ളത്.  നാല് വര്‍ഷത്തിനുള്ളില്‍ ഈ ചെറിയ കോളനിയില്‍ 40നും 60 നും ഇടയില്‍ പ്രായമുള്ള 12 പേരാണ് മരിച്ചത്. രക്ഷിതാക്കള്‍ മരിച്ചതിനാല്‍ ഏഴ് കുട്ടികളാണ് അനാഥരായത്.  ഏറ്റവും കൂടുതല്‍ പണിയരുള്ള വയനാട് നെന്‍മേനി അമ്പലക്കുന്ന് കോളനിയില്‍ 540ല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള  30 പേരാണുള്ളത്. ഇവിടെ തൊണ്ടയ്ക്ക് ക്യാന്‍സര്‍ ബാധയുള്ള കേസുകളും കൂടുതലായി കണ്ടുവരുന്നു. കോഴിക്കോട്  മുത്തപ്പന്‍പുഴ കോളനിയില്‍ ആകെയുള്ള 138 പേരില്‍ 60 കഴിഞ്ഞ ഏഴ് പേര്‍ മാത്രം. 

ആനക്കാംപൊയില്‍ ഓടപ്പൊയില്‍ കോളനി, പാത്തിപ്പാറ കോളനി തുടങ്ങിയ കോളനികളിലും സമാന സാഹചര്യമാണ്. ശാസ്ത്രീയ പഠനങ്ങളൊന്നും  നടന്നിട്ടില്ലെങ്കിലും  ലഹരി ഉപയോഗവും തല്‍ഫലമായി  അകാല മരണവും   കോളനികളില്‍ ഉണ്ടാകുന്നുണ്ടെന്ന് ട്രൈബല്‍ ഡപലപ്മെന്റ് ഓഫീസര്‍മാരായ സി ഇസ്മായീല്‍(സുല്‍ത്താന്‍ ബത്തേരി),   സയീദ് നയീം(കോഴിക്കോട്) എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു.  

40നും 60നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗങ്ങള്‍ വന്ന് മരണമുണ്ടാകുന്നത്.  പട്ടിക വര്‍ഗ വകുപ്പ്, എക്സൈസ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൂന്ന് മാസത്തിലൊരിക്കലെങ്കിലുംബോധവല്‍ക്കരണവും  ക്യാമ്പുകളും മൊബൈല്‍ ക്ലിനിക്കുകളും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പങ്കെടുക്കാനോ തല്‍സമയം ചികിത്സ തേടാനോ മടിക്കുന്നവരാണ് ഏറെയും. ലഹരി ഉപയോഗവും ആരോഗ്യ -മാനസിക  പ്രത്യാഘാതവും സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി, സമഗ്ര  നടപടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി വിഭാഗത്തിന്റെ പ്രതിനിധി കൂടിയായ ഡോ. കെ പി നിതീഷ് കുമാര്‍ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള യോഗ്യതയുള്ളവരെ ഭാഗമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top