26 November Saturday
ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കും

അതിർത്തി കടക്കില്ല ; ലഹരിമാഫിയക്കെതിരെ ഒറ്റക്കെട്ട്‌ ; പിന്തുണച്ച്‌ രാഷ്ട്രീയ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

മയക്കുമരുന്ന് കേസിൽപ്പെടുന്നവരുടെ 
ഡാറ്റാബാങ്ക് തയ്യാറാക്കും
ഒക്‌ടോബർ 2 മുതൽ ലഹരിവിരുദ്ധ ക്യാമ്പയിൻ
വിവരം നൽകുന്നവരുടെ കാര്യം രഹസ്യമാക്കും


തിരുവനന്തപുരം  
കൗമാരകേരളത്തെ ലഹരിയിൽ കുടുക്കിയിടാനുള്ള മയക്കുമരുന്ന്‌ മാഫിയകളുടെ ശ്രമത്തിനെതിരെ ഒരുമെയ്യായി കേരളം. ജീവിതത്തെ കാർന്നുതിന്നുന്ന ലഹരിമാഫിയ അതിർത്തി കടക്കില്ലെന്ന്‌ ഉറപ്പാക്കിക്കൊണ്ടുള്ള പോരാട്ടത്തിൽ നാടാകെ അണിചേരും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പിന്തുണ അറിയിച്ചു.

പൊലീസ്, എക്‌സൈസ്, നർകോട്ടിക് സെൽ തുടങ്ങിയവയുടെ ഇടപെടൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. അതിർത്തികളിലെ പരിശോധന കൂടുതൽ ശക്‌തമാക്കും. കനത്ത ശിക്ഷ ഉറപ്പാക്കി നിയമം കൂടുതൽ കർക്കശമാക്കും. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കി കാപ്പ മാതൃകയിൽ നിയമം നടപ്പാക്കും. ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കുമെന്ന്‌ യോഗത്തിൽ മുഖ്യമന്ത്രി  അറിയിച്ചു.

സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ പ്രവർത്തനം ശക്തമാക്കും. ആവശ്യത്തിന്‌ കൗൺസിലർമാരെ നിയോഗിച്ച്‌, കുട്ടികളുടെ പെരുമാറ്റ വ്യതിയാനം മനസ്സിലാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കണം നടത്തും. സ്‌കൂളുകളിൽ പുറത്തുനിന്ന്‌ വരുന്നവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കും. സ്‌കൂളുകളിലും കടകളിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പറുൾപ്പെടുത്തി പോസ്റ്റർ പ്രദർശിപ്പിക്കും. വിവരം നൽകുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും. റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാൻഡുകളിലും കനത്ത ജാഗ്രത ഏർപ്പെടുത്തും. അതിഥിത്തൊഴിലാളികളെ അവരുടെ ഭാഷയിൽ ബോധവൽക്കരിക്കും. സർക്കാർ ഉടമസ്ഥതയിലുൾപ്പെടെ ഡി- അഡിക്‌ഷൻ സെന്ററുകൾ വ്യാപിപ്പിക്കും. 

മയക്കുമരുന്ന് കേസുകൾ വർധിച്ചിട്ടുണ്ട്. സിന്തറ്റിക് രാസലഹരിപോലുള്ളവയുടെ ഉപയോഗം വലിയ ഭീഷണിയാണ്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കിയതുകൊണ്ടുമാത്രം ലഹരി ഉപയോഗം പൂർണമായി നേരിടാനാവില്ല. നാടൊന്നാകെയുള്ള ഇടപെടൽ ഇതിന് ആവശ്യമാണ്. സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ രൂപീകരിച്ചു. അവയിൽ എല്ലാ രാഷ്ട്രീയപാർടി പ്രതിനിധികളുമുണ്ടെന്ന്‌ ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും എല്ലാ രാഷ്ട്രീയ പാർടി പ്രവർത്തകരെയും പങ്കെടുപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

പിന്തുണച്ച്‌ രാഷ്ട്രീയ കേരളം
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‌ പൂർണ പിന്തുണയും സഹകരണവും വാഗ്‌ദാനംചെയ്‌ത്‌ രാഷ്ട്രീയ പാർടികൾ.
 മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ്‌ രാഷ്ട്രീയ പാർടികൾ പിന്തുണ അറിയിച്ചത്‌.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എക്‌സൈസ് മന്ത്രി എം ബി രാജേഷ്, കെ കെ ജയചന്ദ്രൻ (സിപിഐ എം), അഡ്വ. മരിയാപുരം ശ്രീകുമാർ (കോൺഗ്രസ് ഐ), സത്യൻ മൊകേരി (സിപിഐ), ബീമാപ്പള്ളി റഷീദ് (മുസ്ലിംലീഗ്),  ചെറിയാൻ പോളച്ചിറയ്ക്കൽ (കേരള കോൺഗ്രസ് എം), മാത്യു ടി തോമസ് എംഎൽഎ (ജനതാദൾ സെക്യുലർ), മോൻസ് ജോസഫ് എംഎൽഎ (കേരള കോൺഗ്രസ്), കെ ഷാജി (എൻസിപി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), പി സി ജോസഫ് (കേരള കോൺഗ്രസ്), എം എം മാഹിൻ (ഐഎൻഎൽ), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), ഷാജി ഫിലിപ്പ് (ആർഎസ്‌പി ലെനിനിസ്റ്റ്), കരുമം സുന്ദരേശൻ (കേരള കോൺഗ്രസ് ജേക്കബ്), ബാലകൃഷ്ണപിള്ള (ആർഎംപി), വർഗീസ് ജോർജ് (ലോക് താന്ത്രിക് ജനതാദൾ), കെ  ജയകുമാർ (ആർഎസ്‌പി), ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എഡിജിപി വിജയ് സാഖ്‌റെ, എക്‌സൈസ് കമീഷണർ അനന്തകൃഷ്ണൻ, നിയമ സെക്രട്ടറി വി ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top