17 May Friday

ആന്തൂര്‍ സംഭവം: പ്രചരിപ്പിച്ചവയില്‍ ഏറെയും നുണകള്‍; കുറ്റസമ്മതം നടത്തി ഏഷ്യാനെറ്റ് ന്യൂസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

കൊച്ചി> ആന്തൂരില്‍  പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ എമ്മിനെതിരെ നടന്നത് മാധ്യമ ഗൂഢാലോചന തന്നെയെന്ന് തുറന്നുസമ്മതിച്ച് ഏഷ്യാനെറ്റ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ സിപിഐ എമ്മിനെ ലക്ഷ്യംവച്ച് നടത്തിയ പുകമറയായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജെയിംസ് വ്യക്തമാക്കുന്നു.

 'സി പിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദനും നഗരസഭാധ്യക്ഷ കൂടിയായ ഭാര്യ പി കെ ശ്യാമളയും ഒരു വശത്തും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മറുവശത്തും നിര്‍ത്തിയുള്ള പ്രചാരണങ്ങളും ചില്ലറയല്ല ഉണ്ടായത്. ആന്തൂര്‍ വിവാദവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന പല കഥകളും നുണകളാണെന്നതാണ് സത്യം'; റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി

'എംവി ഗോവിന്ദന്റെ ഫോണ്‍വിളിയും ശ്യാമളയും പി ജയരാജനും; ആന്തൂരില്‍ കേട്ട കഥകളില്‍ സത്യമെത്ര? നുണയെത്ര?' എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചില സംഭവങ്ങള്‍ സിപിഐ എമ്മിനകത്തെ രാഷ്ട്രീയ പോരാട്ടമായി കൂട്ടിവായിച്ചെന്നും കെട്ടുകഥകളും നുണപ്രചരണങ്ങളും നിറംചാര്‍ത്തിയപ്പോള്‍ അര്‍ധ സത്യങ്ങള്‍ അസത്യങ്ങളായി എന്നും വാര്‍ത്ത വിശദീകരിക്കുന്നു.
 
ജിമ്മി ജെയിംസ് നടത്തിയ കണ്ടെത്തലുമായി ബന്ധപ്പെട്ട്  ആറ് പോയിന്റും ഏഷ്യാനെറ്റ് വിശദീകരിച്ചു


ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സിപിഎമ്മിനകത്തെ രാഷ്ട്രീയ പോരാട്ടമായി പോലും ചില സംഭവങ്ങള്‍ കൂട്ടിവായിക്കപ്പെട്ടു. കെട്ടുകഥകളും നുണപ്രചരണങ്ങളും നിറംചാര്‍ത്തിയപ്പോള്‍ അര്‍ധ സത്യങ്ങള്‍ അസത്യങ്ങളായി. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം വി ഗോവിന്ദനും നഗരസഭാധ്യക്ഷ കൂടിയായ ഭാര്യ പി കെ ശ്യാമളയും ഒരു വശത്തും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മറുവശത്തും നിര്‍ത്തിയുള്ള പ്രചാരണങ്ങളും ചില്ലറയല്ല ഉണ്ടായത്.

ആന്തൂര്‍ വിവാദവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന പല കഥകളും നുണകളാണെന്നതാണ് സത്യം. പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കഥകളില്‍ സത്യമെത്ര? നുണയെത്ര? ഏഷ്യാനെറ്റ് നൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജിമ്മി ജെയിംസ് കണ്ടെത്തിയ വിവരങ്ങള്‍ ഇതാണ്....

1. സാജന്റെ മരണത്തിന് ശേഷം നടന്ന പരിശോധനയില്‍ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ ആന്തൂര്‍ നഗരസഭാ ഉദ്യാഗസ്ഥര്‍ കണ്ടെത്തിയ കുഴപ്പങ്ങള്‍ ഇല്ലാത്തതാണെന്ന് തെളിഞ്ഞു എന്നാണ് മിക്കവരും പറയുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയ അതേ കുഴപ്പങ്ങള്‍ തന്നെയാണ് ടൗണ്‍പ്ലാനിംഗ് വിജിലന്‍സും കണ്ടെത്തിയത്. ആ കുഴപ്പങ്ങള്‍ മാറ്റിയാലേ ഇനിയാണെങ്കിലും ലൈസന്‍സ് കിട്ടൂ. അതിനുള്ള ജോലികള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു.

2. നീണ്ടകാലത്തെ താമസം ഉണ്ടായി എന്നതാണ് മറ്റൊരു പൊതുവിശ്വാസം. എന്നാല്‍  മെയ് മാസമാണ് പരിഷ്‌കരിച്ച മാപ്പ് മാനേജ്‌മെന്റ് സമര്‍പ്പിച്ചത്. സാജന്‍ മരിക്കുന്നതിന് ഏതാണ് 35 ദിവസം മുന്‍പ്. അതിന് ശേഷം സ്ഥലം സന്ദര്‍ശിക്കുന്നതടക്കമുള്ള പല നടപടികളും ഉണ്ടായി.

3. ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തില്‍ ഫയല്‍ പിടിച്ചുവച്ചു എന്നതിന് ഒരു തെളിവും ഇതുവരെ ഇല്ല. ഫയല്‍ മൂവ്‌മെന്റ് സംബന്ധിച്ച രേഖകള്‍ അതാണ് തെളിയിക്കുന്നത്.

4. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചു എന്ന വാര്‍ത്തയും തെറ്റാണ്. ചില മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശമാണ് ഉണ്ടായത്.

5. അതേസമയം ജനപ്രതിനിഥികള്‍ സാജനോട് അനുഭാവപൂര്‍വമായി സംസാരിക്കുകയും ധൈര്യം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യങ്ങളുടെ സത്യാവസ്ഥ സാജന് ബോധ്യപ്പെട്ടേനെ. അവരും ഉദ്യോഗസ്ഥരേപ്പോലെ ചട്ടപ്പടി പ്രവര്‍ത്തിച്ചു.

6. ഒന്നര വര്‍ഷം മുന്‍പ് ഉണ്ടായ ഒരു തടസ്സം പി ജയരാജന്‍ ഇടപെട്ട് മാറ്റിയ പശ്ചാത്തലത്തമാണ് വിവാദം കത്തിപ്പടരാന്‍ കാരണം. പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതാണ് ഇതിനുള്ള പശ്ചാത്തലം. പ്രശ്‌നം പരിഹരിച്ച പി ജയരാജനെ ഒരു വശത്തും ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള എം വി ഗോവിന്ദന്റെ ഭാര്യ ആയതുകൊണ്ട് മറുവശത്ത് സംസ്ഥാന ഔദ്യോഗിക നേതൃത്വത്തേയും നിര്‍ത്തിയാണ് വിവാദം കൊഴുപ്പിച്ചത്. എം വി ഗോവിന്ദന്‍ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചു എന്നുവരെ നുണക്കഥകള്‍ പ്രചരിച്ചു.






ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top