10 July Thursday

തൃശൂരിൽ ആന്ത്രാക്‌സ്‌ സ്‌ഥിരീകരിച്ചു; ജാഗ്രതവേണമെന്ന്‌ ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

തൃശൂർ> അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ ഒരാഴ്ചയ്ക്കിടെ ഏതാനും കാട്ടുപന്നികളുടെ മൃതദേഹങ്ങള്‍ കാണപ്പെട്ട സംഭവത്തില്‍ മരണകാരണം ആന്ത്രാക്‌സ് ബാധയാണെന്ന് പ്രാഥമിക നിഗമനം. കാട്ടുപന്നികളുടെ അവശിഷ്ടങ്ങള്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ ലാബില്‍ പരിശോധിച്ചപ്പോഴാണ്‌  ആന്ത്രാക്‌സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. രോഗം പകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അതിരപ്പിള്ളി പഞ്ചായത്തിലെ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് അടിയന്തരമായി വാക്‌സിന്‍ നല്‍കാന്‍ യോഗം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആന്ത്രാക്‌സ് ബാധിച്ചു മരിച്ച പന്നികളെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് മറവ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ആന്ത്രാക്‌സ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കന്നുകാലികള്‍ക്ക് രോഗം പകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പാലിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. മൃഗങ്ങളുടെ മൃതദേഹം മറവ് ചെയ്യുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ പാലിക്കണം.
 
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവായതിനാല്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. അതേസമയം, ജാഗ്രത പാലിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ആന്ത്രാക്‌സ് ബാധിച്ച മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് രോഗബാധയ്ക്ക് കാരണമാവാം എന്നതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.

രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അതിരപ്പിള്ളി പഞ്ചായത്തില്‍ പ്രത്യേക ബോധവല്‍ക്കരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മൃഗസംരക്ഷണവകുപ്പ്, വെറ്ററിനറി സര്‍വകലാശാല, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, വനം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അതിരപ്പിള്ളി പഞ്ചായത്തില്‍  വച്ചാണ് ബോധവല്‍ക്കരണ പരിപാടി നടത്തുക.

2020ലും ഈ പ്രദേശത്ത് സമാനമായ രീതിയില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആന്ത്രാക്‌സ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും മുന്‍കരുതലുകള്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ഇന്ന് (വ്യാഴം) രാവിലെ മുതല്‍ ഒരു കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനും സംശയ ദൂരീകരണത്തിനും കണ്‍ട്രോള്‍ റൂമിലെ 0487 2424223 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

യോഗത്തില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ,ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ചാലക്കുടി ഡിഎഫ്ഒ സംബുദ്ധ മജുംദാര്‍, വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സുരജ ഒ ജി, വെറ്ററിനറി സര്‍വകലാശാലാ ഡീന്‍ ഡോ. വിജയ കുമാര്‍, ഡിഎംഒ ഡോ. കെ ടി പ്രേം കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top