09 May Thursday

അണ്ണലൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; മാളയിൽ കോൺഗ്രസ് ബിജെപി പരസ്യസഖ്യം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

മാള> അണ്ണലൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി പരസ്യസഖ്യം. ആറു കോൺഗ്രസുകാരും 5 ബിജെപിക്കാരും ഒറ്റപാനലായാണ്‌ മത്സരിക്കുന്നത്‌. കഴിഞ്ഞതവണ എൽഡിഎഫ്‌ പാനലിനു പുറമെ കോൺഗ്രസിനും ബിജെപിക്കും പ്രത്യേകം പാനലുണ്ടായിരുന്നു. 32 വർഷമായി എൽഡിഎഫാണ്‌ സംഘം ഭരിക്കുന്നത്‌. ഈ ഭരണം അട്ടിമറിക്കാൻ   ഇത്തവണ കോൺഗ്രസും ബിജെപിയും പരസ്യസഖ്യമുണ്ടാക്കുകയായിരുന്നു. കെ കരുണാകരന്റെ തട്ടകമെന്നറിയപ്പെട്ടിരുന്ന മാളയിലാണ്‌ യാതൊരു മടിയുംകൂടാതെ സംഖ്യമുണ്ടാക്കിയത്‌. സംസ്ഥാന– ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ്‌ ഈ നീക്കമെന്നാണ്‌ സൂചന.

12 ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 29നാണ്‌ തെരഞ്ഞെടുപ്പ്‌. എൽഡിഎഫ് സ്ഥാനാർഥികളായി 12 പേരാണ്‌  പ്രതിക നൽകിയത്‌. ഇതിൽ പട്ടികജാതി സംവരണ സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി സൗമ്യ വിനീഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് -ബിജെപി പാനലിന് സ്ഥാനാർഥിയെ നിർത്താനായില്ല. ശേഷിക്കുന്ന 11 സീറ്റാണ്‌ കോൺഗ്രസും ബിജെപിയും പങ്കിട്ട്‌ മത്സരിക്കുന്നത്‌.    

ജനകീയ സഹകരണ മുന്നണിയെന്ന സംയുക്ത പാനലിൽ മത്സരിക്കുന്ന കെ കെ അജയകുമാർ ബിജെപി മാള പഞ്ചായത്ത് മുൻ പ്രസിഡന്റും കർഷകമോർച്ച ജില്ലാ നേതാവുമാണ്‌. സി കെ സജീവൻ ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അംഗമാണ്‌. നിഷ ബിജു 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർഥിയായിരുന്നു. മഹിളാ മോർച്ച നേതാവാണ്‌. ജോയി മാതിരപ്പിള്ളി 2020 പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആറാംവാർഡിൽ വാർഡ് എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. ബിജെപി പ്രവർത്തകനായ കെ പി ശശികുമാരും പാനലിലുണ്ട്‌. കെ കെ അജയകുമാറും നിഷ ബിജുവും കഴിഞ്ഞ തവണ ബിജെപി പാനലിൽ സ്ഥാനാർഥികളായിരുന്നു. കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരുമായ റിൻസൺ തീതായി, സേവ്യർ കാരേക്കാട്‌, ജോർജ്‌ അച്ചാണ്ടി, പ്രേമ കണക്കശ്ശേരി, ഷീബ ഷാജു, ഗോപി കാരണത്ത്‌ എന്നിവരും ഇതേ പാനലിലാണ്‌.  

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ബാങ്കിരിക്കുന്ന മാള പഞ്ചായത്ത്‌ രണ്ടാം വാർഡിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ  കോൺഗ്രസ്‌ വോട്ട്‌ ബിജെപിക്ക്‌ മറിച്ചു കൊടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പിൽ മറനീക്കി സംഖ്യമായത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top