18 September Thursday

നടി അന്ന രാജനെ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


ആലുവ
സിം കാർഡ് വാങ്ങാനെത്തിയ യുവ സിനിമാനടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ സ്ഥാപനത്തിലിട്ട് പൂട്ടി. ജീവനക്കാരിയുമായി ഉണ്ടായ പിടിവലിക്കിടെ നടിയുടെ കൈയില്‍ പോറലേറ്റു.

വ്യാഴം വൈകിട്ട് 4.30ന് ആലുവ മുനിസിപ്പൽ റോഡിലെ സ്വകാര്യ ടെലികോം മൊബൈൽ ഫ്രാഞ്ചൈസി സ്ഥാപനത്തിലാണ് സംഭവം. ഡ്യൂപ്ലിക്കേറ്റ് സിമ്മിനാണ് നടി ഷോപ്പിൽ എത്തിയത്. തിരിച്ചറിയൽ കാര്‍ഡ് വേണമെന്ന് ഷോറൂം ജീവനക്കാരി അറിയിച്ചു. ഇതിനിടെ നടിയും ജീവനക്കാരിയും തമ്മിലുണ്ടായ വാക്കുതര്‍ക്കം പിടിവലിയായി. നടിയുടെ കൈയ്ക്ക് പോറലേറ്റതോടെ നടി ജീവനക്കാരിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പുരുഷ ജീവനക്കാരെത്തി ഷോറൂമിന്റെ ഷട്ടര്‍ ഇട്ടു. നടി രാഷ്ട്രീയ നേതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കകം ജീവനക്കാര്‍ ഷട്ടര്‍ തുറന്നതോടെ നടി പുറത്തെത്തി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ആലുവ സിഐ  എൽ അനിൽകുമാറിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. പൊലീസ് കേസെടുക്കാൻ തയ്യാറായെങ്കിലും ജീവനക്കാർ നടിയോട് മാപ്പുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരാതി ഇല്ലെന്ന് അറിയിച്ചു. സാധാരണക്കാരി എന്ന നിലയിലാണ് സ്ഥാപനത്തിൽ എത്തിയത്. പക്ഷേ, മോശമായാണ് ജീവനക്കാർ പെരുമാറിയത്. സ്ഥാപനത്തിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറണമെന്നും നടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top