25 April Thursday

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

ന്യൂഡൽഹി > മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കാതലായ ഭേദഗതികൾ കൊണ്ടുവരും. മൃഗങ്ങളെ ക്രൂരമായി പീഢിപ്പിക്കുന്നവർക്ക്‌ മൂന്നുവർഷവും കൊല്ലുന്നവർക്ക്‌ അഞ്ചുവർഷവും വരെ തടവുശിക്ഷ ഉറപ്പാക്കണമെന്നാണ്‌ നിയമഭേദഗതി ബില്ലിലെ മുഖ്യശുപാർശ. മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമ ഭേദഗതി 2022 ന്റെ കരടിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി.

ഡിസംബർ ഏഴ് വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം. ശീതകാലസമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ‘മൃഗങ്ങളുടെ ജീവന്‌ ആപത്തോ അംഗവൈകല്യമോ ഉണ്ടാക്കുന്ന രീതിയിലുള്ള നിഷ്‌ഠൂരമായ പീഢനങ്ങൾ’ –-എന്ന വകുപ്പ്‌ നിയമഭേദഗതിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. നിഷ്‌ഠൂര പീഢനങ്ങൾക്ക്‌ ഒരു വർഷം മുതൽ മൂന്ന്‌ വർഷം വരെ തടവ്‌ ലഭിക്കും. 50,000 മുതൽ 75,000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. മൃഗങ്ങളെ കരുതിക്കൂട്ടി കൊലപ്പെടുത്തുന്നവർക്ക്‌ പരമാവധി അഞ്ച്‌ വർഷം വരെ തടവ്‌ ലഭിക്കും.

നിയമഭേദഗതിയിലൂടെ 3 എ വകുപ്പ്‌ പുതിയതായി ഉൾപ്പെടുത്തും. മൃഗങ്ങൾക്ക്‌ ചില സ്വാതന്ത്രങ്ങൾ അനുവദിക്കുന്നതാണ്‌ ഈ വകുപ്പ്‌. പട്ടിണി, ദാഹം, പോഷകാഹാരകുറവ്‌, വേദന പീഢനം,ഭയം, അസ്വസ്ഥത തുടങ്ങിയവയിൽ നിന്നും മൃഗങ്ങൾക്ക്‌ സ്വാതന്ത്രം അനുവദിക്കണമെന്നാണ്‌ ഈ വകുപ്പിൽ പറയുന്നത്‌. തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും നിയമേഭേദഗതിയിൽ വ്യവസ്ഥകളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top