26 April Friday

അനിൽ ആന്റണിയുടെ ബിജെപി സ്നേഹം ; നേതാക്കളുടെ മൗനത്തിൽ രോഷം

പ്രത്യേക ലേഖകൻUpdated: Wednesday Mar 29, 2023



തിരുവനന്തപുരം
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി  കോൺഗ്രസിനും രാഹുലിനുമെതിരെ നടത്തുന്ന ആക്രമണത്തിൽ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളുടെ മൗനത്തിനെതിരെ രോഷം കനക്കുന്നു. കാര്യങ്ങൾ വ്യക്തമായിട്ടും കെ സുധാകരനോ വി ഡി സതീശനോ അനിലിനെതിരെ രംഗത്ത്‌ വന്നിട്ടില്ല. നിലപാട്‌ വ്യക്തമാക്കിയില്ലെങ്കിൽ തിരിച്ചടി കിട്ടുമെന്ന് സമൂഹമാധ്യമങ്ങളിലടക്കം നേതാക്കളും പ്രവർത്തകരും ഒരേസ്വരത്തിൽ പറയുന്നു.

ബിജെപി സർക്കാർ രാഹുലിനെ അയോഗ്യനാക്കിയതുവഴി രാജ്യത്താകമാനം പ്രതിഷേധമുയർത്തി പ്രതിപക്ഷ ഐക്യത്തിന്‌ കോൺഗ്രസ്‌ ശ്രമിക്കുന്ന വേളയിലാണ്‌ മുതിർന്ന നേതാവിന്റെ മകൻതന്നെ എതിരായി രംഗത്തുവന്നത്‌. ബിജെപിയുമായി രഹസ്യ ബാന്ധവമുണ്ടാക്കിയാണ്‌ അനിൽ ആന്റണിയുടെ ആക്രമണമെന്ന്‌ ഡൽഹിയിലുള്ള കോൺഗ്രസ്‌ നേതാക്കൾ സമ്മതിക്കുന്നു.

കോൺഗ്രസിന്‌ അധമ സംസ്കാരമാണെന്നും രാഹുൽഗാന്ധിയെപ്പോലുള്ളവരുടെ പിന്നാലെ നടന്ന്‌ വിഡ്ഢിത്തരം കാട്ടിക്കൂട്ടുകയാണ്‌ പാർടിയെന്നും തുറന്നടിക്കുകയാണ്‌ അനിൽ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാനോളം പുകഴ്‌ത്തി കഴിഞ്ഞ ദിവസം രംഗത്ത്‌ വന്നതോടെയാണ്‌ ബിജെപി ബന്ധം ചർച്ചയായത്‌. താമസിയാതെതന്നെ അനിലിന് സ്ഥാനം നൽകാനും ബിജെപി ആലോചിക്കുന്നുണ്ടത്രേ.

‘എ കെ ആന്റണിക്കെതിരെ പറയണ്ട. പക്ഷേ, പാർടിയെയും രാഹുലിനെയും നിരന്തരം ആക്രമിക്കുന്ന അനിൽ ആന്റണിക്ക്‌ തക്കതായ മറുപടി പറയാൻ കേരളത്തിലെ നേതൃത്വത്തിന്‌ ഉത്തരവാദിത്വമില്ലേ?’–- കെപിസിസി മുൻ ഭാരവാഹികൂടിയായ നേതാവ്‌ ചോദിച്ചു. എ കെ ആന്റണിയും ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. കെ മുരളീധരൻ തെറ്റായ വഴി സ്വീകരിച്ച ഘട്ടങ്ങളിൽ പരസ്യമായി തിരുത്തിക്കാൻ കെ കരുണാകരൻ തയ്യാറായിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top