05 December Tuesday

നിരോധിത സംഘടന ആക്രമിച്ചെന്ന സൈനികന്റെ കള്ളക്കഥ പൊളിഞ്ഞിട്ടും ന്യായീകരണം തുടര്‍ന്ന് അനില്‍ ആന്റണി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ന്യൂഡല്‍ഹി> കൊല്ലം കടയ്ക്കലില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സൈനികന്‍ ഷൈന്‍കുമാറിന്റെ കള്ളക്കഥ പൊളിഞ്ഞെങ്കിലും സംഭവത്തില്‍ ന്യായീകരണവുമായി എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനില്‍ ആന്റണി.

'ഒരു ഇന്ത്യന്‍ സൈനികനെ ചിലര്‍ പിടിച്ചുവച്ച് കൈകള്‍ ബന്ധിച്ച് മുതുകില്‍ പെയിന്റുകൊണ്ട് പിഎഫ്‌ഐ എന്ന് എഴുതി. ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ ഞെട്ടിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപി ഐ എമ്മില്‍ നിന്നോ കോണ്‍ഗ്രസില്‍നിന്നോ ഒരു നേതാവു പോലും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം'- ഇതായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

സംഭവം കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ബിജെപിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും പൊതുസമൂഹം ഇതിനോടകം തിരിച്ചറിഞ്ഞു. എന്നാല്‍ സംഭവം വ്യാജമാണെന്ന് അറിഞ്ഞിട്ടും വീണ്ടും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനില്‍ ആന്റണി.

തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയര്‍ത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് അനിലിന്റെ ന്യായീകരണം.  എക്‌സ് പ്ലാറ്റ്‌ഫോമിലാണ് അനില്‍ ആദ്യ പ്രതികരണത്തെ ന്യായീകരിച്ച് എത്തിയിരിക്കുന്നത്.

രാജസ്ഥാനില്‍ ജയ്‌സല്‍മേര്‍ 751 ഫീല്‍ഡ് വര്‍ക്‌ഷോപ്പില്‍ സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ബി.എസ്. നിവാസില്‍ ഷൈനാണ് (35), ഒരു വിഭാഗം ആളുകള്‍ ആക്രമിച്ച് മുതുകില്‍ 'പിഎഫ്‌ഐ' എന്ന് ചാപ്പകുത്തിയതായി പരാതിപ്പെട്ടത്. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ ഈ പരാതി പൊലീസ് വ്യാജമാണെന്നു കണ്ടെത്തി.

സംഭവത്തില്‍ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനില്‍ ജോഷിയെയും (40) കൊല്ലം റൂറല്‍ എസ്പി എം.എല്‍.സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്‌ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top