13 July Sunday
നേതാക്കളുടെ പ്രതികരണം വിലക്കി ഡിസിസി

സംഘപരിവാർ അജൻഡയ്‌ക്കൊപ്പംനിന്ന്‌ അമിതാവേശം കാട്ടരുത്‌; അനിൽ അക്കരയോട്‌ തൃശൂർ ഡിസിസി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
തൃശൂർ > കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയുടെ നടപടികളെ സ്വാഗതം ചെയ്‌ത അനിൽ അക്കര അമിതാവേശം കാട്ടരുതെന്ന്‌ ഡിസിസി. സംഘപരിവാർ അജൻഡയ്‌ക്കൊപ്പംനിന്ന്‌ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന അനിൽ അക്കര, എഐസിസി അംഗമാണെന്ന വസ്‌തുത മറന്നാണ്‌ പ്രതികരിക്കുന്നതെന്ന്‌ ഒരു നേതാവ്‌ പറഞ്ഞു.
 
എൽഡിഎഫ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ഇഡി നടത്തുന്ന റെയ്‌ഡിനേയും സിപിഐ എം നേതാവ്‌ പി ആർ അരവിന്ദാക്ഷന്റെ  അറസ്‌റ്റിനേയും സ്വാഗതം ചെയ്‌ത അനിൽ അക്കര, വയനാട്ടിലെ പുൽപ്പള്ളിയിൽ സഹകരണ ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ നടത്തിയ കോൺഗ്രസ്‌ നേതാവ്‌ സജീവൻ കൊല്ലപ്പള്ളിയുടെ അറസ്‌റ്റിനെ ന്യായീകരിക്കുമോ എന്നും ചോദിക്കുന്നു. കോൺഗ്രസിനെയാകെ വേട്ടയാടാനും നേതാക്കളെ നിശ്ശബ്ദരാക്കാനും രാജ്യമാകെ പ്രവർത്തിക്കുന്ന ഇഡിയെ ന്യായീകരിച്ച അനിൽ അക്കര, സുരേഷ്‌ഗോപിയുടെ പദയാത്രയ്‌ക്ക്‌ ആളെക്കൂട്ടുന്ന നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന വിമർശം ഉയർന്നതോടെ ഇക്കാര്യത്തിൽ ഇനി അഭിപ്രായം പറയരുതെന്ന്‌ കർശന നിർദേശം നൽകി. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഒരു നേതാവും പ്രതികരിക്കരുതെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ജോസ്‌ വള്ളൂർ നിർദേശം നൽകി.
 
കരുവന്നൂർ വിഷയത്തിൽ സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്‌ ഭരണസമിതികൾ ഭരിച്ച്‌ മുടിച്ച സഹകരണ സംഘങ്ങളുടെ വിവരങ്ങളും മാധ്യമങ്ങളിൽ വരുന്നു. സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ്‌ ഇഡി ശ്രമിക്കുന്നതെന്ന സിപിഐ എം നിലപാടിനൊപ്പമാണ്‌ കോൺഗ്രസ്‌ അണികൾ. അതുകൊണ്ട്‌ ഇഡിയെ ന്യായീകരിക്കുന്ന നിലപാടെടുത്ത്‌ പാർടിക്ക്‌ ദോഷമുണ്ടാക്കരുതെന്നും ഡിസിസി നേതൃത്വം നേതാക്കൾക്ക്‌ നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top