തൃശൂർ
അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ യുഡിഎഫ് ഭരണകാലത്ത് ആശ്വാസ് പദ്ധതിയുടെ മറവിൽ കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെയും കുടുംബത്തിന്റെയും ഓവർഡ്രാഫ്‌റ്റ് കുടിശ്ശിക 25 ലക്ഷത്തിൽപ്പരം രൂപ എഴുതിത്തള്ളി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും സഹകരണമന്ത്രി സി എൻ ബാലകൃഷ്‌ണന്റെയും സഹായത്തോടെയായിരുന്നു നടപടി.
അനിൽ അക്കര താമസിക്കുന്ന വീട് ജപ്‌തിയായിരുന്നു. ഇതുവഴി മുഴുവൻ സംഖ്യയും ഈടാക്കാനാകുമായിരുന്നു. എന്നാൽ, കടം എഴുതിത്തള്ളി ബാങ്കിന് വൻ നഷ്ടം വരുത്തി. സഹകരണ വകുപ്പുദ്യോഗസ്ഥർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് ഇളവുകൾ നിശ്ചയിക്കുക. ഇത് മറികടന്ന് ഭരണസമിതിയാണ് തീരുമാനം എടുത്തത്. ഓവർഡ്രാഫ്‌റ്റിന് ഇളവ് അനുവദിക്കാൻ നിയമമില്ലെന്നിരിക്കെ പ്രത്യേകം ഭേദഗതിയും വരുത്തി. ഇതുൾപ്പെടെ കോൺഗ്രസ് ഭരണകാലത്ത് അടാട്ട് സഹകരണ ബാങ്കിൽ നടന്ന 40 കോടിയോളം രൂപയുടെ അഴിമതിയുടെ പേരിൽ യുഡിഎഫ് ഭരണസമിതി പിരിച്ചുവിട്ടു. അഴിമതി വിജിലൻസ് അന്വേഷണത്തിലാണ്.
ബാങ്കിൽ അനിൽ അക്കര നൽകിയ അപേക്ഷ പരിഗണിച്ചാണ് വഴിവിട്ട നടപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബാങ്ക് കുടിശ്ശിക ഇല്ലാതാക്കാനായിരുന്നു ഇത്. അടാട്ട് ഫാർമേഴ്സ് സഹ. ബാങ്കിൽ അനിൽ അക്കരയുടെയും ബന്ധുക്കളുടെയുമായി 25.39 ലക്ഷം രൂപ എഴുതിത്തള്ളിയതായി രേഖകൾ വ്യക്തമാക്കുന്നു. ഭൂമി ഈടുവച്ച് സാധാരണ വായ്‌പകൾ ഒറ്റത്തവണ തീർപ്പാക്കുന്നവർക്ക് ഇളവ് നൽകുന്ന ആശ്വാസ് പദ്ധതിയുടെ കാലാവധി 2016 മാർച്ച് 31ന് പൂർത്തിയായിരുന്നു. എന്നാൽ, ചട്ടംലംഘിച്ച് പ്രത്യേക സബ്‌റൂളുണ്ടാക്കി ഒ ഡി ഉൾപ്പെടുത്തി. ആശ്വാസ് കാലാവധി ജൂൺ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് സഹകരണവകുപ്പിലേക്കയച്ചു. സംസ്ഥാന രജിസ്‌ട്രാറുടെ ഉത്തരവിന് കടകവിരുദ്ധമായി ജോയിന്റ് രജിസ്‌ട്രാർ കാലാവധി നീട്ടി നൽകി.
അനിൽ അക്കരയും ഭാര്യാസഹോദരിയുടെ ഭർത്താവ് ജോസും 2012 ജൂലൈ 17ന് 8.25 ലക്ഷം രൂപവീതം ഓവർഡ്രാഫ്‌റ്റ് എടുത്തിരുന്നു. അനിൽ അക്കരയുടെ ഒഡി 2016 ഏപ്രിൽ 26ന് 12,92,142 രൂപയായി.
ജോസിന്റെ ഒഡിയിൽ 8,18, 688 രൂപയാണ് അടയ്‌ക്കാനുണ്ടായിരുന്നത്. അനിലിന്റെ പിതാവ് അക്കര പട്ട്യേക്കൽ ആന്റണിയുടെ അമ്മ മേരി 1999 ആഗസ്‌ത് 24ന് എടുത്ത ഓവർഡ്രാഫ്‌റ്റിൽ 29,11,270 രൂപ കുടിശ്ശികയുണ്ടായിരുന്നു. ഈ കുടിശ്ശിക ഈടാക്കാനാണ് പിന്തുടർച്ചാവകാശിയായ അനിൽ അക്കര താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ നടപടിയായത്. 29,11,270 രൂപയ്‌ക്കു പകരം കേവലം 5,08,777 രൂപ അടച്ച് അവസാനിപ്പിച്ചു. 24 ലക്ഷമാണ് അതുവഴി ബാങ്കിന് നഷ്ടം. അനിലിനും ജോസിനും 8.25 ലക്ഷം രൂപവീതം ഒഡി പുതുക്കിയും നൽകി.ഇക്കഴിഞ്ഞ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി എൽഡിഎഫ് വൻ വിജയം നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..