25 April Thursday

എറണാകുളം അങ്കമാലി അതിരൂപതയിൽ പുതിയ കുർബാനക്രമം നടപ്പാക്കില്ല; മറ്റിടങ്ങളിൽ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കൊച്ചി > എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടത്തില്ലെന്ന് തീരുമാനമായി. അതിരൂപതാ മെത്രാപോലീത്ത ബിഷപ് ആന്റണി കരിയിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയതിന്‌ പിന്നാലെയാണ്‌ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയത്‌.  സുന്നഹദോസ്‌ തീരുമാനപ്രകാരം ഞായർമുതൽ സിറോ മലബാർ സഭയിലെ ദേവാലയങ്ങളിൽ പരിഷ്‌കരിച്ച രീതിയിൽ കുർബാന നടത്താനിരിക്കെയാണ്‌ വത്തിക്കാൻ ഇടപെടൽ. അതേസമയം, സിറോ മലബാർ സഭയ്‌ക്കുകീഴിലെ മുഴുവൻ ദേവാലയങ്ങളിലും ഏകീകൃത കുർബാനക്രമം ഞായർമുതൽ നടപ്പാക്കണമെന്നറിയിച്ച്‌ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി സർക്കുലർ പുറപ്പെടുവിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ വത്തിക്കാനിൽനിന്ന്‌ ഒഴിവ്‌ നൽകിയതിനെക്കുറിച്ച്‌ സഭയ്‌ക്ക്‌ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്‌ സർക്കുലറിൽപറഞ്ഞു. സുന്നഹദോസ്‌ തീരുമാനത്തിൽ മാറ്റമില്ല. വ്യക്തിപരമായ താൽപ്പര്യങ്ങളും അഭിപ്രായഭിന്നതയും മാറ്റിവച്ച്‌ ഏകീകൃത കുർബാന രീതി നടപ്പാക്കണമെന്നും കർദിനാൾ ശനിയാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു.

സർക്കുലറിന്‌ പിന്നാലെ വത്തിക്കാനിൽനിന്ന്‌ ബിഷപ്‌ ആന്റണി കരിയിലിന്‌ ലഭിച്ച കത്ത്‌ അതിരൂപത പുറത്തുവിട്ടു. വത്തിക്കാൻ അനുമതിയുടെ അടിസ്ഥാനത്തിൽ ജനാഭിമുഖ കുർബാന തുടരാമെന്ന് ബിഷപ്‌ മാർ ആന്റണി കരിയിൽ വൈദികർക്ക് നിർദേശവും നൽകി. നേരത്തേ അതിരൂപതയിലെ കുർബാന പരിഷ്കരണം സ്റ്റേ ചെയ്യണമെന്ന അതിരൂപത സുതാര്യ സമിതിയുടെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളിയിരുന്നു. എങ്ങനെ കുർബാന നടത്തണമെന്നത്‌ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്ന തീർപ്പോടെയാണ്‌ ഹർജി തള്ളിയത്‌.

പാലക്കാട് രൂപതയിലും തൃശൂർ അതിരൂപതയിലും പുതുക്കിയ കുർബാനരീതി ഞായർമുതൽ നടപ്പാക്കണമെന്ന് അറിയിച്ച്‌ സർക്കുലർ ഇറങ്ങി. പാലക്കാട്‌ രൂപത അധ്യക്ഷൻ ബിഷപ് ജേക്കബ് മനത്തോട്ടത്ത്‌, തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആഡ്രൂസ് താഴത്ത്‌ എന്നിവരുടെതാണ്‌ സർക്കുലർ.

പുതുക്കിയ കുർബാനക്രമം അനുസരിച്ച്‌ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി എറണാകുളം സെന്റ്‌ മേരീസ്‌ ബസലിക്കയിൽ ഞായറാഴ്‌ച കുർബാന അർപ്പിക്കുമെന്ന്‌ സഭാനേതൃത്വം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഞായർ രാവിലെ പത്തിന്‌ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലാകും കർദിനാൾ കുർബാന അർപ്പിക്കുകയെന്ന്‌ സഭ വക്താവ്‌ അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മാറ്റമെന്നാണ്‌ വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top